Tuesday, March 28, 2023

ഹവിൽദാറുടെ മകൻ

 "ഒരു പൂവ്, ഒരു എള്ള്, ഒരു ചന്ദനമെടുത്ത്, വെള്ളം കൊടുത്ത്, നെഞ്ചിൽ ചേർത്ത് പിടിച്ച്, മരിച്ചു പോയ ആളെ മനസ്സിൽ ധ്യാനിച്ച് പിണ്ഡത്തിൽ വെക്കുക". തിരുനാവായിൽ അച്ഛന്റെ ശേഷക്രിയകൾ ചെയ്യാനെത്തിയ ഞാൻ ഇളയതിന്റെ ആജ്ഞക്കനുസരിച്ച് ഓരോന്നും ചെയ്തു കൊണ്ടേ ഇരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളും, അമ്മയുടെ കണ്ണുനീരും ശ്രദ്ധിക്കാതെ യാന്ത്രികമായിഎന്റെ കൈകൾ നീങ്ങി. പിന്നീടെപ്പോഴോ "പിതൃപിണ്ഡം സമർപ്പയാമി" എന്ന് കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്.

നിളയുടെ തീരത്ത് പതിവിലും കൂടുതൽ തിരക്കുണ്ട്. പല നാടുകളിൽ നിന്നും, പല വേഷത്തിലും, ഭാവത്തിലും ക്രിയകൾ ചെയ്യാൻ എത്തിയവർ. എല്ലാവരുടെ കയ്യിലുമുണ്ട് ചുവന്ന പട്ടിൽ വായ്  മൂടിക്കെട്ടിയ മൺകലങ്ങൾ. മൂന്നു മുങ്ങി, അസ്ഥിയൊഴുക്കി മൺകലമുടക്കുമ്പോൾ മരിച്ചു പോയ അച്ഛന്റെ മുഖം മാത്രമായിരുന്നു എന്റെ മനസ്സിൽ.


കുളി കഴിഞ്ഞ്, ഇളയതിന് ദക്ഷിണ കൊടുത്ത ശേഷം, ഭിക്ഷാടനം നടത്തി, തൊഴാൻ അമ്പലത്തിലേക്ക് നടക്കുമ്പോൾ ഒരു ആംബുലൻസ് അടുത്ത് വന്നു നിന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, വെളുത്ത വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരിയും മക്കളും അതിൽ നിന്നും ഇറങ്ങി. അകത്ത് വെള്ളമുണ്ട് മൂടിയ ഒരു ശരീരം. ആരൊക്കെയോ ചേർന്ന് ശവമെടുത്ത് പട്ടടയിൽ വെച്ചു. അച്ഛനെ കാണണം എന്ന് പറഞ്ഞ് കരയുന്ന പെൺകുട്ടിയെ പിടിച്ചു കരയുന്നു പാവം അമ്മ. എട്ടു പത്തു വയസ്സ് തോന്നുന്ന ഒരു ആൺകുട്ടി ഈറനുടുത്ത്, ചിതക്കു തീ കൊളുത്തി, മൺകുടത്തിൽ വെള്ളം തോളിൽ വെച്ച് ചിതക്ക് ചുറ്റും വലം വെക്കുന്നു. പുറകെ നടക്കുന്നയാൾ വെട്ടുകത്തികൊണ്ട് മൺകുടത്തിൽ വെട്ടുന്നു. മരിച്ചയാൾക്ക് സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ വെള്ളം കൊടുക്കുന്ന മകനായിരിക്കണം കുട്ടി. മാവിന്റെ വിറക് ആളിക്കത്താൻ തുടങ്ങിയപ്പോൾ മാംസം കത്തുന്ന  മണം അന്തരീക്ഷത്തിൽ പരന്നു.


മണം എവിടെയോ അനുഭവിച്ചുണ്ടല്ലോ ഞാൻ. ചിതലരിച്ചു തുടങ്ങിയ ഓർമ്മകൾ മണത്തിനു വേണ്ടി തിരഞ്ഞു, പക്ഷെ ഓർമ കിട്ടുന്നില്ല. തിരിച്ചുള്ള യാത്രയിൽ മണം മാത്രമായിരുന്നു എന്റെ മനസ്സിൽ. കാറിൽ എപ്പോഴോ ഉറക്കമുണർന്നപ്പോൾ പഴയ ഓർമ്മകൾ തിരിച്ചു വന്നു. അച്ഛന്റെ കൂടെ അച്ചാച്ചന് ശേഷക്രിയ ചെയ്യാൻ അലഹബാദിലെ ത്രിവേണി സംഗമം പോയപ്പോഴുള്ള അതേ മണം


നാട്ടിൽ ജോലിയൊന്നും ശരിയാവാതിരുന്ന അച്ഛൻ ചെറുപ്പത്തിൽ വടക്കേ ഇന്ത്യയിലേക്ക് പോയി, ആർമിയിൽ ചേർന്നുനാഷിക്കിലെ ആർട്ടിലറി സെന്ററിൽ ട്രെയിനിംഗ് കഴിഞ്ഞു പോയത് ഇൻഡോ-ചൈന യുദ്ധത്തിനായിരുന്നു, 1962. പിന്നീട് 1965 ലും, 1971 ലും യുദ്ധങ്ങളിൽ പങ്കെടുത്തു. 1971 പാകിസ്ഥാൻ ബോർഡറിലെവിടെയോ  പോസ്റ്റിങ്ങ് കിട്ടി, വയർലെസ്സ് ആന്റിന ഉയരത്തിൽ സ്ഥാപിക്കുകയായിരുന്നു അച്ഛൻ, ആർട്ടിലറി റേഡിയോ ഓപ്പറേറ്റർ. അപ്പോഴാണ് അച്ചാച്ചൻ മരിച്ച ടെലിഗ്രാം വന്നത്. അച്ഛന് പകരം ആന്റിന കെട്ടാൻ പോയ ആൾ നിമിഷങ്ങൾക്കുള്ളിൽ വെടിയേറ്റ് മരിച്ചു. അച്ചാച്ചന്റെ മരണമാണ് അച്ഛനെ രക്ഷിച്ചതെന്നു മരിക്കുന്നതുവരെ വിശ്വസിച്ചിരുന്നു അച്ഛൻ


യുദ്ധമെല്ലാം കഴിഞ്ഞ് മീററ്റിൽ അച്ഛന് പോസ്റ്റിങ്ങ് ആയപ്പോൾ ഞാനും അമ്മയും അച്ഛന്റെ കൂടെ ക്വാർട്ടേഴ്സിൽ താമസമാക്കി. അടുത്ത ക്വാർട്ടേഴ്സിലെ ആളുകളുമായി ഞങ്ങൾ കൂട്ടായി. ആറ്റിങ്ങലിൽ നിന്നുള്ള ലാൻഡ്‌സ് നായിക് സുരേന്ദ്രൻ അങ്കിളും, ലീലച്ചേച്ചിയും. കുട്ടികൾ ഇല്ലാതിരുന്ന അവരുടെ മകനായി ഞാൻ


മീററ്റിലെ പല സംഭവങ്ങളും ഇപ്പോഴും ഓർക്കാറുണ്ട്. അതിലൊന്നായിരുന്നു ബഡാഖാന. അച്ഛനും, അമ്മയും, ഞാനും സൈക്കിളിൽ ആയിരുന്നു ബഡാഖാനക്കുള്ള യാത്ര. അമ്മ പിന്നിൽ ഇരിക്കും, ഞാൻ ഹാൻഡ്‌ലിനും അച്ഛനുമിടക്കുള്ള തണ്ടിൽ ഉറപ്പിച്ച ചെറിയ ഒരു കൊച്ചു സീറ്റിലും. അന്ന് മെസ്സിൽ നിറഞ്ഞു നിന്ന ഒരു മണം എനിക്കേറെ ഇഷ്ടമായിരുന്നു. കുറെ വർഷങ്ങളെടുത്തു മണത്തിന്റെ ഉറവിടം മനസ്സിലാക്കാൻ, മട്ടൺ കറിയും, വിസ്കിയും


പനി വരുമ്പോഴായിരുന്നു വലിയ സങ്കടം. മിലിറ്ററി ആശുപത്രിയിൽ പോകുമ്പോൾ കണ്ണിൽ ചോരയില്ലാത്ത ഡോക്ടർ ഐസ് വെള്ളത്തിൽ കുളിപ്പിക്കും. ജീവൻ പോകുമെങ്കിലും ഏതു പനിയും പേടിച്ചോടുമെന്ന് ഉറപ്പ്. പിന്നെ പോകുന്നത് വാക്‌സിനേഷൻ എടുക്കാൻ. പലപ്പോഴും ഇത് രണ്ടും സ്വപ്നം കണ്ട് ഞെട്ടിയുണർന്നിട്ടുണ്ട് ഞാൻ.


അച്ഛന്റെ കൂടെയുള്ള തീവണ്ടി യാത്രകളായിരുന്നു എനിക്കേറെ ഇഷ്ടം. സ്റ്റേഷനിൽ വണ്ടി വന്നു നിൽക്കുമ്പോൾ ജനൽ വഴി അച്ഛനെന്നെ അകത്ത് സീറ്റിൽ ഇരുത്തും. ഞാനിരിക്കുന്ന സീറ്റിന്റെ അടുത്ത് വെക്കാൻ അച്ഛന്റെ ബാഗ് തരും. ന്യൂസ്പേപ്പറും, ബാഗുമൊക്കെ വച്ച് ട്രാൻസ്‌പോർട് ബസിൽ സീറ്റ് പിടിക്കുന്ന അതെ രീതി. ബോഗിയിൽ കയറിയ മറ്റുള്ളവർക്ക് ഇത് കാണുമ്പോൾ കലിയിളകും. "സാലാ മദ്രാസി..." എന്ന വിളികളും, തുടർന്നുള്ള തെറിയും കേൾക്കുന്നതൊഴിവാക്കാൻ ഉറക്കം നടിക്കും ഞാൻ. മദ്രാസി വിളി തുടങ്ങുമ്പോൾ അച്ഛന്റെ അലർച്ച കേട്ട് എനിക്ക് ചിരി വരും, "മദ്രാസി നിന്റെ തന്ത..". ഹിന്ദി തെറികളിൽ ഞാൻ പി.എച്ച്.ഡി എടുത്തത് ഒരു പക്ഷെ അവിടുന്നായിരിക്കാം.


അച്ഛൻ ആർമിയിൽ നിന്നും പിരിഞ്ഞപ്പോൾ നാട്ടിൽ താമസമാക്കി. മിലിറ്ററി കഥകൾ കേട്ട് കോരിത്തരിച്ചു വളർന്ന ഞാൻ വലുതായപ്പോൾ കഥകൾ പുച്ഛിച്ചു തള്ളി. ഒരു സാദാ പട്ടാളക്കാരന്റെ വെടികളും, ജല്പനങ്ങളുമായി എനിക്ക് കഥകളെല്ലാം.


അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു എന്നെയൊരു ഓഫീസർ ആക്കാൻ. എൻ.ഡി. കിട്ടാതായപ്പോൾ എനിക്ക് പട്ടാളം വെറുപ്പായി, ഒപ്പം അച്ഛന്റെ സ്വപ്നങ്ങളെയും. ഉയർന്ന ഓഫിസർമാരുടെ റെക്കമെൻഡേഷനോ, കൈക്കൂലിയോ ഇല്ലാത്തതുകൊണ്ടാണ് എനിക്ക് ഓഫീസർ ആകാൻ കഴിയാത്തതെന്ന് ഉറച്ചു വിശ്വസിച്ചു ഞാൻ. പട്ടാളത്തിൽ ഓഫീസർ ആകാൻ എനിക്കൊരു താല്പര്യവും ഇല്ലെന്നു കേട്ടപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടില്ലെന്നു നടിച്ചു.


കോളേജിൽ പഠിക്കുമ്പോൾ ഞാൻ എൻ.സി.സി യിൽ ചേർന്നു. ഡൽഹിയിൽ റിപ്പബ്ലിക്ക് ഡേ ക്യാമ്പിലും, രാജ്പഥ് മാർച്ചിലും പങ്കെടുത്തു കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് ഫോറിൻ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ (Y.E.P) കിട്ടിയെന്നറിയുന്നത്. ലക്ഷക്കണക്കിനുള്ള എൻ.സി.സി കേഡറ്റുകളിൽ നിന്നും ഏകദേശം നാല്പതു പേർക്കായിരുന്നു സെലെക്ഷൻ. Y.E.Pക്കു വേണ്ടി മത്സരിക്കുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല കിട്ടുമെന്ന്


മാസങ്ങൾക്കു ശേഷം Y.E.P കഴിഞ്ഞു വന്ന ഞാൻ ഡൽഹി കന്റോണ്മെന്റിൽ കുറച്ചു ദിവസം താമസിച്ചു. എൻ.സി.സി യിലെ ഉയർന്ന ഓഫീസർമാരെ കാണാനും, അവർക്കു യാത്രാവിവരണങ്ങൾ നൽകാനും ആയിരുന്നു അവിടെ തങ്ങിയത്. ഒരു ദിവസം എൻ.സി.സി ഡയറക്ടറേറ്റിൽ ഒരു ഓഫീസറെ കാണാൻ ഞാൻ യൂണിഫോമും ധരിച്ചെത്തി. അടഞ്ഞു കിടന്ന ഗേറ്റിന് മുന്നിൽ കാത്തു നിന്ന എന്റെ അടുത്ത് ഒരു സുബേദാർ വന്നു. ഗേറ്റിനു മുന്നിൽ നില്ക്കാൻ പാടില്ലെന്നും, ഗേറ്റ് തുറക്കുമ്പോൾ വന്നാൽ മതിയെന്നും പറഞ്ഞു അയാൾ. പറഞ്ഞത് കേൾക്കാതിരുന്ന എന്നെ അയാൾ, ചീത്ത പറഞ്ഞു മതിയായപ്പോൾ തെറി വിളിച്ചു. ഞാനാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ നിൽപ്പ് തുടർന്നു. മണിക്കൂറുകൾക്കു ശേഷം ഞാൻ അകത്തു കടന്നപ്പോൾ അയാളെ അടുത്തെങ്ങും കണ്ടില്ല.


കോൺഫറൻസ് മുറിയിൽ ഓഫീസർമാരോട് സംസാരിച്ചു കൊണ്ടിരുന്ന എനിക്ക് ചായ കൊണ്ട് വന്നത് എന്നെ തെറി പറഞ്ഞ സുബേദാറായിരുന്നു. എന്നെ കണ്ടതും പാവം ഞെട്ടി. അയാളുടെ ദയനീയ ഭാവം കണ്ടപ്പോൾ എനിക്കെന്റെ അച്ഛനെ ഓർമ വന്നു. അച്ഛനും ഇങ്ങിനെ ചായ കൊണ്ട് വന്നിരിക്കും പണ്ട്.. എനിക്കെന്തോ അയാളോടൊരു സഹതാപം തോന്നി.


മീറ്റിംഗ് കഴിഞ്ഞ് ലോബിയിലിരിക്കുമ്പോൾ സുബേദാർ എന്റെ അടുത്ത് വന്നു. ഗേറ്റിൽ വെച്ച് തെറി പറഞ്ഞതിന് സങ്കടപ്പെട്ടു മാപ്പ് ചോദിച്ചു അയാൾ. അയാൾ വിചാരിച്ചു കാണും ഞാൻ എന്തോ സംഭവം ആണെന്ന്.


"എൻ.സി.സി യിൽ വലിയ ആളായിരിക്കുമല്ലേ. അതുകൊണ്ടല്ലേ സാബിനോട് ഇത്ര അടുപ്പം?"


"അയ്യോ ഒരിക്കലുമില്ല. ഞാൻ വലിയ ആളൊന്നും അല്ല. റിപ്പബ്ലിക് പരേഡിൽ വർഷം പങ്കെടുത്തിരുന്നു, രാജ്‌പഥിൽ മാർച്ച് ചെയ്യുകയും ചെയ്തു. പിന്നെ Y.E.P യും അറ്റൻഡ് ചെയ്തു", ഞാൻ പറഞ്ഞു.


"എന്താ Y.E.P?".  പ്രോഗ്രാമിനെക്കുറിച്ചും, അത് കിട്ടാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും ഞാൻ വിശദമായി പറഞ്ഞു കൊടുത്തു.


"കേട്ടിട്ട്  കിട്ടാൻ ബുദ്ധിമുട്ടാണല്ലോ. ഇതൊക്കെ കിട്ടാൻ വലിയ റെക്കമെൻഡേഷൻ വേണ്ടേ. അച്ഛൻ ആർമിയിൽ വലിയ ഓഫീസർ ആണല്ലേ?"


"അയ്യോ, എനിക്കൊരു റെക്കമെൻഡേഷനും ഇല്ല, എന്റെ വീട്ടിൽ ആരും ഓഫീസർമാരും അല്ല. അച്ഛൻ വെറുമൊരു ഹവിൽദാർ ആയി റിട്ടയർ ചെയ്തതാ". ഞാൻ പറഞ്ഞത് വിശ്വാസം വരാത്ത പോലെ, അത്ഭുതപ്പെട്ട അയാൾ എന്റെ അടുത്ത് വന്നിരുന്നു


"എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാ. വെറും ഒരു ഹവിൽദാറുടെ മകൻ ഇത്രയൊക്കെ ഉയരത്തിൽ എത്തുമോ, അതും ഒരു റെക്കമെൻഡേഷനും ഇല്ലാതെ. നീ പറയുന്നത് സത്യമാണെങ്കിൽ, റെക്കമെൻഡേഷൻ ഇല്ലാതെ ഒന്നും നടക്കില്ലെന്ന എന്റെ വിശ്വാസത്തെ നീ തകർത്തെറിഞ്ഞിരിക്കുന്നു".


"സാറിന്റെ നാടെവിടെയാ?" വിഷയം മാറ്റാൻ വേണ്ടി ഞാൻ ചോദിച്ചു. എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് അദ്ദേഹം കഥ പറഞ്ഞു തുടങ്ങി.


അലഹബാദിനടുത്തെവിടെയോ ഒരു കുഗ്രാമത്തിലായിരുന്നു അയാൾ ജനിച്ചത്. ചണ്ടാളനായ അച്ഛൻ ചെറുപ്പത്തിൽ മരിച്ചപ്പോൾ അച്ഛന്റെ ജോലി ഏറ്റെടുത്തു. സ്കൂളിലൊന്നും പോകാതെ, പ്രാരാബ്ധങ്ങൾ തോളിലേറ്റി കഷ്ടപ്പെട്ട്, ഗംഗയുടെ തീരത്ത് ശവങ്ങൾ കത്തിച്ചു നടക്കുമ്പോഴായിരുന്നു ഒരു പട്ടാളക്കാരനെ പരിചയപ്പെട്ടത്. അയാളാണ് ആർമിയിൽ ചേരാൻ സഹായിച്ചെ. പട്ടാളത്തിൽ ചേർന്ന് പതുക്കെ ഡിഗ്രി എടുത്തു. ബുദ്ധിമുട്ടി, സ്വന്തം കഴിവുകൊണ്ട് സുബേദാർ ആയി. അനിയനെ പഠിപ്പിച്ചു ജോലിക്കാരനാക്കിസഹോദരികളെ കല്യാണം കഴിച്ചയച്ചു. ഇപ്പോൾ ഭാര്യയും മകനുമൊത്ത് ഡൽഹി കന്റോണ്മെന്റിൽ താമസിക്കുന്നു.


"മകനെ പഠിപ്പിച്ച്  ഒരു ഓഫീസർ ആക്കണം. അതാണെന്റെ ഏറ്റവും വലിയ ആഗ്രഹം". വാക്കുകൾ കേട്ടപ്പോൾ ഞാൻ എന്റെ അച്ഛനെയും, അച്ഛന്റെ ആഗ്രഹങ്ങളെയും ഓർത്തു. അച്ഛനെ വേദനിപ്പിച്ച, ഓഫീസർ ആകേണ്ട എന്ന എന്റെ തീരുമാനം തെറ്റായിരുന്നോ എന്ന ചോദ്യം വന്നു എന്റെ മനസ്സിൽ.


"ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ". സംസാരം നിർത്തി പോകാൻ തയ്യാറായ അയാൾ എന്നോട് ചോദിച്ചു. എന്ത് പറയണമെന്നറിയാതെ ഞെട്ടി നിന്ന എന്നെ അയാൾ മുറുക്കെ കെട്ടിപ്പിടിച്ചു


"എനിക്കേറ്റവും സന്തോഷം ഉള്ള ദിവസമാണിന്ന്. ഒരു ഹവിൽദാരുടെ മകൻ എത്രയോ ഉയരത്തിൽ എത്തിയിരിക്കുന്നു, അതും മറ്റുള്ളവരുടെ സഹായമില്ലാതെ. ഞാനിന്നു വീട്ടിൽ ചെല്ലുമ്പോൾ മകനോട് പറയും, അസാധ്യമായി ഒന്നും ലോകത്തില്ലെന്ന സത്യം". കൂടുതലൊന്നും പറയാതെ നടന്നു പോകുന്ന അയാളുടെ തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു.


ഞാനെന്തായാലും പട്ടാളത്തിൽ ചേർന്നില്ല, പക്ഷെ നല്ല ഒരു നിലയിലെത്തി. വർഷങ്ങൾക്കു ശേഷം ഞാൻ അച്ഛനോട് കഥ പറഞ്ഞു. അച്ഛൻ എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. "ഒരു സാധാരണ പട്ടാളക്കാരന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മകനെ ഒരു ഓഫീസർ ആക്കുക എന്നത്. നീയെന്തായാലും സന്തോഷം എനിക്ക് തന്നില്ല. ഒരച്ഛന്റെ മനസ്സറിയണമെങ്കിൽ നീ ഒരച്ഛനാകണം. അപ്പോൾ മാത്രമേ എന്റെ വിഷമങ്ങളും ആഗ്രഹങ്ങളും നിനക്ക് മനസ്സിലാകൂ".

3 comments:

Sabu said...

Very touching... Raw and nostalgic..pl keep writing

trooper said...

Beautifully Scripted. Straight from the heart. Keep writing. Best Wishes.

Meena said...

keep writing unni. Waiting for your next one