Sunday, December 4, 2022

സാക്ഷരതയും ഞാനും

കോളേജിൽ പഠിക്കുമ്പോഴായിരുന്നു കേരളത്തിലെ സാക്ഷരതാ വിപ്ലവം. വയോജന വിദ്യാഭ്യാസ ക്ലാസ് എടുത്താൽ ഗുണങ്ങൾ വളരെയധികം. നാട്ടിൽ മാഷെന്ന പദവിയും, ഡിഗ്രിക്ക് ഗ്രേസ് മാർക്കും കിട്ടും. അത് മാത്രമോ, ക്ലാസിനു സപ്ലൈ ചെയ്ത നോട്ടുബുക്കുകളും,പേന പെൻസിൽ എന്നീ ഉപകരണങ്ങളും മുക്കി സ്വന്തം ആവശ്യത്തിനുപയോഗിക്കാം. വൈകീട്ട് ഏഴു മുതൽ എട്ടു വരെ ആഴ്ചയിൽ രണ്ടു ദിവസം ക്ലാസ്. ക്രിക്കറ്റ് കളിയും, അമ്പലപ്പറമ്പിലെ ആൽത്തറയിൽ ഇരുന്നുള്ള വായിൽ നോട്ടവും, കമന്റടിയും കഴിഞ്ഞു പതുക്കെ എത്തിയാൽ മതി ക്ലാസ് എടുക്കാൻ. സംഭവം ഉഗ്രൻ. അങ്ങിനെ ഞാനും "സൈൻ അപ്പ്" ചെയ്തു എന്റെ നാട്ടിലെ നിരക്ഷരകുക്ഷികളെ സാക്ഷരരാക്കാൻ.

തുടക്കം അതിഗംഭീരം, ആദ്യ ദിവസം ക്ലാസ്സിൽ ഞാൻ മാത്രം. അടുത്ത രണ്ടു ദിവസം കോളേജിൽ പോകാതെ ആളുകളെ ക്യാൻവാസ് ചെയ്യാൻ ഇറങ്ങി. എനിക്കും കിട്ടി അഞ്ചു പേരെ. വൈകീട്ട് നാമം ജപിക്കുന്ന രണ്ടു അമ്മൂമ്മാസും, വെള്ളമടി സ്ഥിരം തൊഴിലാക്കിയ മൂന്നു ആപ്പൂപ്പൻസും.


ഇന്ന് പഠിച്ചത് നാളെ മറക്കുന്ന അവരുടെ പഴംപുരാണവും, പ്രേമകഥകളും, പിറക്കാതെ പോയ പിള്ളേരും, രാമായണവും, തെറിയുമൊക്കെ കേട്ട് ക്ലാസ് തുടങ്ങി. ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും ആയി സമയം പോയതറിഞ്ഞില്ല. പഠനം നടന്നില്ലെങ്കിലും നോട്ടുബുക്കും, പേനകളും നിർബാധം എന്റെ കയ്യിലെത്തി.


വിഷുവും, മഴക്കാലവും ഓണവുമൊക്കെ കഴിഞ്ഞപ്പോൾ ശിഷ്യഗണം ഗണ്യമായി കുറഞ്ഞു.അവസാനം പാറു അമ്മൂമ്മയും ഞാനും മാത്രമായി ക്ലാസ്സിൽ. ഇടയ്ക്കിടെ സ്റ്റുഡന്റും മുങ്ങും. മോളുടെ പ്രസവം എടുക്കലും, കൊച്ചുമോന്റെ വയറിളക്കവും പാറുഅമ്മൂമ്മ സ്ഥിരമാക്കാൻ തുടങ്ങിയപ്പോൾ എന്റ അതിമോഹങ്ങൾ പൊലിയാൻ തുടങ്ങി. അധ്യാപകനെ കരിവാരി തേക്കാൻ തുനിഞ്ഞിറങ്ങിയ പാറുഅമ്മൂമ്മ എനിക്ക് വെറും പാറു ആയി.


നൂറു ശതമാനം സാക്ഷരത സ്വപ്നം കണ്ടു നടന്ന ഞാൻ തകർന്നപ്പോൾ എനിക്കൊരു സാന്ത്വനം എന്ന പോലെ സിലബസ് മാറി. മലയാളം മുഴുവൻ പഠിപ്പിക്കേണ്ടെന്നും, സ്വന്തം പേരെഴുതാൻ കഴിഞ്ഞാൽ നൂറു ശതമാനം സാക്ഷരനാകാമെന്നുമുള്ള  ഗവൺമെൻറ് ഉത്തരവ് കണ്ടപ്പോൾ  ഞാൻ ലോട്ടറി അടിച്ചു. പാറുവിനെ പേരെഴുതാൻ പഠിപ്പിക്കലായി എന്റെ പിന്നത്തെ "ഹെർക്യൂലിയൻ ടാസ്ക്". മാസങ്ങൾ എടുത്തു സ്വന്തം പേരെഴുതാൻ പാറുവിനെ പഠിപ്പിച്ചു ഞാൻ. അവസാനം പരീക്ഷ വന്നു... "ദി മോമെന്റ്റ് ഓഫ് ട്രൂത്".


പരീക്ഷയെടുക്കാൻ വന്ന സൂപ്പർവൈസറെ കണ്ടു ഞാൻ ഞെട്ടി. ഒന്നാം ക്ലാസ്സിൽ പറയും തറയും എന്നെ പഠിപ്പിച്ച കൊമ്പൻമീശ, ജോർജ്മാഷ്. കളികഴിഞ്ഞു നേരം വൈകി ക്ലാസ്സിൽ എത്തിയപ്പോൾ ബെഞ്ചിൽ കയറ്റി നിർത്തിയതിയതിനും, പെരുക്കപ്പട്ടിക പഠിക്കാഞ്ഞതിനു പെൺപിള്ളേരുടെ ഇടക്കിരുത്തി നാണം കെടുത്തിയതിനും പകവീട്ടാൻ കിട്ടിയ സുവർണാവസരത്തിനു ഞാൻ റെഡിയായി.


"എന്നെ അക്ഷരം പഠിപ്പിച്ച മാഷാ വന്നിരിക്കുന്നെ. നന്നായി പരീക്ഷ എഴുതണേ", പാറുവിന്റെ ചെവിയിൽ ഞാൻ വേദമോദി. "എന്താ മാഷേ, എന്നെ വിശ്വാസം ഇല്ലാന്നുണ്ടോ. എനിക്കെന്റെ പേരെഴുതാൻ പഠിപ്പിച്ച മോനെ നാണം കെടുത്താൻ പറ്റോ". ആത്മവിശ്വാസത്തിനു മുൻപിൽ ഞാൻ ഒരു "വെറും വിനയൻ" മാത്രമായി.


പരീക്ഷ കഴിഞ്ഞു പാറു പോയപ്പോൾ ഗ്രേസ് മാർക്കും സ്വപ്നം കണ്ടു നിന്ന എന്നെ ജോർജ് മാഷ് അകത്തേക്കു വിളിച്ചു. "ശിഷ്യയെ നന്നായി പഠിപ്പിച്ചിട്ടുണ്ടല്ലോ. ഗുരുദക്ഷിണ അസാധ്യം", പാറുവിന്റെ ഉത്തരക്കടലാസ് നീട്ടി മാഷ് ചിരിച്ചു. കടലാസു വായിച്ച്‌ ബോധം കെടാൻ പോയ എന്നെ മാഷ് താങ്ങി. വലിയ അക്ഷരത്തിൽ വൃത്തിയായി പാറു അമ്മൂമ്മ പേരെഴുതിയിരിക്കുന്നു.... പീറ.