Friday, January 20, 2023

ഒരു തീവണ്ടി യാത്ര

 കോളേജിൽ പഠിക്കുമ്പോൾ എൻ.സി.സി ആയിരുന്നു എന്റെ വീക്നെസ്. ക്‌ളാസിൽ കയറേണ്ട, ഡിഗ്രിക്ക് ഗ്രേസ് മാർക്ക് കിട്ടും, സി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ എഞ്ചിനീറിങ്ങിനു റിസർവേഷൻ, ഗവണ്മെന്റ് ചിലവിൽ ഇന്ത്യ മുഴുവൻ തെണ്ടാനും പറ്റും. അത് മാത്രമോ പെൺപിള്ളേരുടെ ഗേൾസ് ഡിവിഷൻ ക്യാമ്പിൽ ഉണ്ടെങ്കിൽ സൊറ പറയാനും, ലൈൻ അടിക്കാനും ചാൻസ് കിട്ടും. മെൻസ് ഒൺലി കോളേജിലെ പെമ്പിള്ളേരില്ലാത്ത ബോറടി മാറ്റാൻ എൻ.സി.സി യിൽ ഞാൻ ചേർന്നത് ഇങ്ങിനെ പലതും സ്വപ്നം കണ്ടിട്ടായിരുന്നു. 

കാത്തിരുന്നു കാത്തിരുന്നു അവസാനം കോളേജിനടുത്ത ഒരു എൽ.പി സ്കൂളിൽ ക്യാമ്പ് വന്നു. സ്വപ്നസാൽക്കാരത്തിന് കറങ്ങി നടന്ന ഞാൻ ചാടിക്കയറി പേര് കൊടുത്തു. സ്‌കൂളിലെ പൊടി നിറഞ്ഞ ക്ലാസ് മുറിയിൽ ഇന്ത്യൻ പട്ടാളം ഉപേക്ഷിച്ച കരിമ്പടവും, കാക്കി വസ്ത്രങ്ങളും, രണ്ടു കിലോ വരുന്ന ലാടം വെച്ച കറുത്ത ബൂട്സും, കീറിപ്പറഞ്ഞ കിറ്റ് ബാഗും അടുക്കി വെച്ച് പെമ്പിള്ളേരെയും സ്വപ്നം കണ്ടു കിടന്നു. അന്ന് രാത്രി ഉണക്കറൊട്ടിയും, ശർദ്ദിക്കുന്ന സബ്ജിയും കഴിച്ചു വെടി പറഞ്ഞിരിക്കുമ്പോൾ ആദ്യത്തെ പണി കിട്ടി. ക്യാമ്പിൽ പെൺപിള്ളേർ ഇല്ല, ആണുങ്ങൾ മാത്രം.

ഹവിൽദാറുടെ രാവിലത്തെ തെറികേട്ട് ഉണർന്ന ശേഷമുള്ള പി.ടി യും, ക്രോസ്കൺട്രിയും, റൈഫിൾ മാർച്ചും കഴിഞ്ഞപ്പോൾ അറിയാവുന്ന എല്ലാ ദൈവങ്ങളെയും തെറി വിളിച്ചു ഞാൻ. ബാക്കിയുള്ള ദിവസങ്ങളിൽ ഒരു കാര്യം ഞാൻ തീരുമാനിച്ചു. അടുത്ത ക്യാമ്പിൽ പെൺകുട്ടികൾ ഉണ്ടെങ്കിലേ ഞാൻ പോകൂ. 

കോളേജിന് മുന്നിലൂടെ പോകുന്ന എല്ലാ സ്ത്രീ ജനങ്ങളേയും കമന്റടിച്ചും, സിനിമ കട്ട് ചെയ്തു ക്ലാസ്സിൽ കയറിയും മാസങ്ങൾ കഴിഞ്ഞപ്പോൾ അടുത്ത ക്യാംപിന്റെ നോട്ടിഫിക്കേഷൻ വന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഇന്ത്യൻ പട്ടാളവും, കേരള പോലീസും കണ്ടം ചെയ്ത പോയിന്റ് ത്രീ നോട്ട് ത്രീ റൈഫിൾ ഉപയോഗിച്ചുള്ള ഫൈറിങ് ട്രെയിനിങ് ക്യാമ്പ്. പല സംസ്ഥാനങ്ങളിൽ നിന്നുള്ള ബെറ്റാലിയനുകൾ മാത്രമല്ല, ഗേൾ ബെറ്റാലിയനും ഉണ്ടാകും. ആനന്ദലബ്ധിക്കിനി എന്ത് വേണം. ഞാനും എന്റെ പേര് കൊടുത്തു.

ക്യാമ്പ് തുടങ്ങുന്നതിനു മൂന്ന് ദിവസം മുൻപ് ഞങ്ങൾ കെ.കെ എക്സ്പ്രെസ്സിൽ യാത്ര തുടങ്ങി. ഒരു ബോഗി മുഴുവനും റിസേർവ് ചെയ്തിരുന്നു ഞങ്ങൾക്ക് വേണ്ടി. ബോഗിയിൽ ഫൈറിങ്ങിനുള്ള ത്രീ നോട്ട് ത്രീ റൈഫിളുകളും, കിറ്റ് ബാഗുകളും കയറ്റി, മാധവറാവു സിന്ധ്യ മകളുടെ കല്യാണത്തിന് വേണ്ടി പ്ലാറ്റഫോറം മുഴുവനും മാർബിൾ ഇട്ട ഗ്വാളിയോർ സ്റ്റേഷൻ മനസ്സിൽ കണ്ട് ഇരിക്കുമ്പോഴായിരുന്നു അടുത്ത പാര. രാത്രി റൈഫിളുകൾക്കു പാറാവു നിൽക്കാനുള്ള ലിസ്റ്റ്. എന്റെ സ്ലോട്ട് കണ്ടപ്പോൾ ഞാൻ തളർന്നു പോയി, രാത്രി പന്ത്രണ്ടു മുതൽ നാല് വരെ ഞാൻ. കൂടെയുള്ള ആളെ കണ്ടപ്പോൾ അലപം ആശ്വാസം തോന്നി, എന്റെ കോളേജിൽ നിന്നുള്ള ഗെഡി.   

പന്ത്രണ്ടു മണിയായപ്പോൾ, ഉറങ്ങിക്കിടന്ന ഞങ്ങളെ, മുൻപ് പാറാവു നിന്നവർ വിളിച്ചുണർത്തി. എന്റെ ഡ്യൂട്ടി റൈഫിളിന്റെ അടുത്തും, ഗെടിയുടെ ഡ്യൂട്ടി ബോഗിയുടെ വാതിലിലും. കുറച്ചു കഴിഞ്ഞു ഏതോ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ പ്ലാറ്റ്ഫോർമിൽ ഇറങ്ങി കാപ്പി വാങ്ങിച്ചു. ചുറ്റുമുള്ള കാഴ്ച കണ്ടു നിർവൃതി പൂണ്ട ഞങ്ങൾ അകലെ ഒരു കളറ് കണ്ടു. കാണാൻ വലിയ മോശമില്ലാത്ത, കറുത്തു തുടുത്ത ഒരു സുന്ദരി. അവൾ ചിരിച്ചപ്പോൾ ഞങ്ങൾ കോരിത്തരിച്ചു. "അവളൊരു വെടിയാ അണ്ണാ, കാശുണ്ടെങ്കിൽ കാര്യം നടക്കും". ഗെഡിയുടെ എക്സ്പീരിയൻസ് കണ്ടപ്പോൾ ഞാൻ നമിച്ചു.

ട്രെയിൻ പുറപ്പെട്ടു. ഞാൻ റൈഫിളിനടത്തും , അവൻ വാതിലിന്റെ അടുത്തും പാറാവു തുടങ്ങി. മയങ്ങിപ്പോയ ഞാൻ അവന്റെ കാലൊച്ച കേട്ടെണീറ്റു. "അണ്ണാ, കയ്യിൽ കാശുണ്ടോ, ഒരഞ്ചു രൂപ കിട്ടിയാൽ നന്നായിരുന്നു". ഈ പാതിരാത്രിക്ക് ഇവനെന്തിനാ പൈസ ആവോ. പോക്കറ്റിൽ തപ്പിയപ്പോൾ അഞ്ചു രൂപ കിട്ടി, അവനു കൊടുത്തു. "എന്തിനാടാ നിനക്ക് പൈസ" സന്തോഷത്തോടെ നിൽക്കുന്ന അവനോടു ഞാൻ ചോദിച്ചു. "നമ്മൾ പ്ലാറ്റ്‌ഫോറത്തിൽ ഇറങ്ങിയപ്പോൾ കണ്ട ആ പെണ്ണില്ലേ, അവൾ ട്രെയിനിലുണ്ട്. ഇരുപത്തഞ്ചു രൂപ ഉണ്ടെങ്കിൽ കാര്യം നടക്കും, എന്റെ കയ്യിൽ ഇരുപതേ ഉള്ളു". 

"മച്ചാനെ, ആരെങ്കിലും കണ്ടാൽ പണി പാളും, പിന്നെ ജീവിച്ചിട്ടു കാര്യമില്ല, ആത്മഹത്യ മാത്രമേ വഴിയുള്ളു". "അണ്ണാ അതിനല്ലേ ടോയ്ലറ്റ്, അതിനകത്തു കയറി കുറ്റിയിട്ടാൽ ആരറിയാനാ". അവന്റെ വാക്ക് കേട്ട ഞാൻ മനസ്സിൽ വിചാരിച്ചു, എന്തൊരു ധൈര്യം, ഇവൻ വെറും പുലിയല്ല, പുപ്പുലി തന്നെ. ഞാനൊക്കെ വെറുമൊരു പേടിത്തൊണ്ടൻ ശിശു. ഞാൻ അവനെ വീണ്ടും നമിച്ചു.

അവന്റെ ഭാഗ്യം കണ്ട് അസൂയയോടെ സ്വപ്നത്തിലാണ്ട എന്നെ ഉണർത്തിയത് ഗെഡിയുടെ കുലുക്കി വിളിയായിരുന്നു. വിയർപ്പിൽ കുളിച്ചു കിതച്ചു നിൽക്കുന്ന അവനെ കണ്ടപ്പോൾ എന്റെ മനസ്സ് പറഞ്ഞു, "പണിയൊക്കെ കഴിഞ്ഞു വന്നിരിക്കുന്നു ഗൊച്ചു ഗള്ളൻ, മിടു മിടുക്കൻ". കൂടുതൽ വാക്കുകൾ കണ്ടു പിടിക്കാനാകാതെ, മനസ്സ് കൊണ്ട് സാഷ്ടാംഗം നമസ്കരിച്ചു നിന്ന് പോയി ഞാൻ. എനിക്ക് സ്ഥലകാലബോധം വന്നപ്പോൾ ഒരു കാര്യം മനസ്സിലായി. അവന്റെ കിതപ്പും, വിയർപ്പും, വിളർച്ചയും, വിറയലും ഒക്കെ ഉദ്ധിഷ്ഠകാര്യത്തിനുള്ള ഉപകാരസ്മരണയല്ല. എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. 

ആ പെണ്ണ് വാതിൽ തുറന്നു ചാടി ആത്മഹത്യ ചെയ്തോ എന്തോ. എന്റെ മനസ്സ് കാട് കയറി തുടങ്ങി. ഞാൻ അവനോടു പറഞ്ഞു, "നീ എന്ത് വന്നാലും പേടിക്കേണ്ട. അവള് ചാടി ആത്മഹത്യ ചെയ്തെങ്കിൽ നമ്മൾ രണ്ടു പേരും മാത്രമേ അറിയൂ. ഞാൻ ആരോടും പറയില്ല, എന്നെ നിനക്ക് വിശ്വസിക്കാം". 

അല്പം കഴിഞ്ഞു വിറയലോക്കെ മാറി മനസ്സാന്നിധ്യം വീണ്ടെടുത്തപ്പോൾ അവൻ എന്റെ ചെവിയിൽ പറഞ്ഞു. "അണ്ണാ, ഞാൻ പല പെണ്ണുങ്ങളെയും എന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ട്. പക്ഷെ പുരുഷലിംഗമുള്ള പെണ്ണിനെ കാണുന്നത് ആദ്യമായിട്ടാ..."