**ഹലോ, എന്നെ അറിയാൻ ഒരു സാധ്യതയുമില്ല. എന്നാലും പറയുന്നു. ചാറ്റ് ക്ലോസ് ചെയ്യല്ലേ.
-- Ok. എനിക്കറിയാവുന്നവരോട് മാത്രമേ ഞാൻ ചാറ്റ് ചെയ്യാറുള്ളു.
** അത് കുഴപ്പമില്ല, നിങ്ങൾ കണ്ണേട്ടനല്ലേ, മേലേടത്തെ?
-- അതെ, ആരാ.. പേരെന്താ..
**എല്ലാം വഴിയേ പറയാം. നാട്ടിൽ വന്നിട്ട് കാലം കുറച്ചായല്ലോ അല്ലെ.
-- മൂന്നു നാല് വർഷമെങ്കിലും ആയിക്കാണും. COVID നു മുൻപാ വന്നേ.
** എത്ര കാലായില്ലേ, നാട് മിസ്സ് ചെയ്യുന്നുണ്ടോ
-- കുറച്ചൊക്കെ.
** കണ്ണേട്ടന്റെ അമ്മ മരിച്ചപ്പോൾ അല്ലെ അവസാനം വന്നേ. എനിക്ക് ഓർമ്മേണ്ട്. അമ്മയും അച്ഛനും പോയാൽ പിന്നെ നമ്മൾ അനാഥരല്ലേ. കൊല്ലം തുളസിയുടെ 'ഒരു അപരാജിതന്റെ മോഹങ്ങൾ' എന്ന കവിതാസമാഹാരത്തിൽ നിന്നും കിട്ടിയതാ ട്ടോ, എന്റെ അല്ല. അത് കേട്ടപ്പോഴാ അനാഥൻ എന്ന വാക്ക് എത്ര ഡീപ് ആണെന്ന് ശരിക്കും മനസ്സിലായെ.
-- കവിതകൾ ഇഷ്ടമാണോ.
** വളരെ. കണ്ണേട്ടനും കവിതകൾ നല്ല ഇഷ്ടമല്ലേ. ഓ എൻ വിയും, മധുസൂദനൻ നായരും ആയിരുന്നില്ലേ കോളേജിൽ പഠിക്കുമ്പോൾ എറ്റവും ഇഷ്ടം. ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്.
-- എനിക്കിതു സർപ്രൈസ് തന്നെ. ഇതൊക്കെ എങ്ങിനെ അറിഞ്ഞു. കണ്ണേട്ടൻ എന്ന വിളിയിൽ നിന്നും കൂടെ പഠിച്ചതല്ല എന്നുറപ്പാ. സ്കൂളിൽ ജൂനിയർ എങ്ങാനും ആയിരുന്നോ.
** ഞാൻ ജനിച്ചതും വളർന്നതുമൊക്കെ ജലന്ധറിലാ, പഞ്ചാബിൽ.
-- അപ്പോൾ പഞ്ചാബി നന്നായി സംസാരിക്കുമല്ലേ.
** ഇതാ തമാശ. പിന്നെ ഇല്ലാതെ. വായിക്കാനും, പറയാനും, എഴുതാനുമൊക്കെ നന്നായി അറിയാം.
-- എനിക്കാകെ അറിയുന്ന പഞ്ചാബി "സത് ശ്രി അകാൽ" എന്നാ. രണ്ടു വർഷം അമൃത്‌സറിൽ ജീവിച്ചെങ്കിലും പഞ്ചാബി സ്വാഹാ. മലയാളം നന്നായി എഴുതുന്നുണ്ടല്ലോ, എങ്ങിനെ പഠിച്ചു.
** അതൊരു കഥയാ. നേരം രാത്രി പത്ത് മണി കഴിഞ്ഞല്ലോ. ഊണ് കഴിച്ചോ.
-- നേരത്തെ തന്നെ കഴിച്ചു. ഇപ്പോൾ ഒറ്റക്കെ ഉള്ളു.
** ആണോ. അപ്പോൾ മിനിചേച്ചിയും മക്കളും എവിടെ?
-- അവർ നാട്ടിലാ.
** മിനിചേച്ചിയുടെ നാട് കോട്ടയമല്ലേ, അവിടെ പോയോ അവർ.
-- അതെ.
** അവരൊക്കെ എപ്പോൾ വരും?
-- അടുത്ത ആഴ്ച.
** നാളെ ജോലി ഇല്ലേ?
-- ഇല്ല ഞായറാഴ്ച അല്ലെ.
** അയ്യോ, ഞാൻ അത് മറന്നു. അപ്പോഴെന്റെ കഥ കേൾക്കാൻ നേരം ഉണ്ടല്ലോ അല്ലെ.
-- അതെ :-)
** എന്റെ മുത്തച്ഛൻ ചെറുപ്പത്തിൽ ആരോടും പറയാതെ നാട് വിട്ടു പോയതാ. അതും ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ്. കള്ളവണ്ടി കയറി പഞ്ചാബിൽ എത്തി. ഇന്നത്തെ ഇന്ത്യയിലെ പഞ്ചാബല്ല ട്ടോ. പാകിസ്താനിലെ പഞ്ചാബിൽ. കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് വർഷങ്ങൾക്കു ശേഷം ഒരു കർഷകനായി കഴിയുമ്പോഴാ അച്ഛമ്മയെ കണ്ടിഷ്ടമായേ. അവരുടെ വീട്ടുകാർ മുത്തച്ഛനെ കൊല്ലാൻ പോയതാ, എങ്ങിനെയൊക്കെയോ രക്ഷപ്പെട്ടു. ഗോതമ്പിന്റെ നിറമുള്ള സുന്ദരിയായിരുന്നു അച്ഛമ്മയെന്നു മുത്തച്ഛൻ എപ്പോഴും പറയും. ഞാൻ ഫോട്ടോ കണ്ടിട്ടേ ഉള്ളുട്ടോ. എന്തൊരു ചന്താന്നറിയോ എന്റെ അച്ഛമ്മക്ക്.
-- പണ്ടത്തെ കാലമല്ലേ, ജീവൻ കിട്ടിയത് തന്നെ ഭാഗ്യം.
** തീർച്ചയായും. അവിടെ വെച്ചാ അച്ഛൻ ജനിച്ചെ. അപ്പോഴേക്കും ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി. പക്ഷെ, എല്ലാം കെട്ടിയെടുത്ത്, ഇന്ത്യയിലേക്കുള്ള യാത്രയിൽ അച്ഛമ്മ മരിച്ചു. ആ യാത്രയിൽ പലതും നഷ്ടപ്പെട്ടപ്പോൾ, നാണക്കേട് സഹിക്കാതെ ആത്മഹത്യ ചെയ്തതാണെന്ന് വയസ്സായ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
-- ദൈവമേ. ഓരോ കഷ്ടകാലം. മുത്തച്ഛൻ ആകെ തകർന്നു പോയിട്ടുണ്ടാവുല്ലോ.
** അതെ. മുത്തച്ഛൻ അച്ഛനെയും കൂട്ടി നാട്ടിൽ എത്തി. പിന്നെ അച്ഛൻ വളർന്നതൊക്കെ നാട്ടിലാ. കുറച്ചു കാലം കഴിഞ്ഞപ്പോൾ മുത്തച്ഛൻ ജലന്ധറിലേക്കു പോയി. തറവാട് ഭാഗം വെച്ചപ്പോൾ മുത്തച്ഛനൊന്നും മാറ്റി വെച്ചിട്ടുണ്ടായിരുന്നില്ല. പണ്ടേ നാട് വിട്ടു പോയി തിരിച്ചു വരാതിരുന്നപ്പോൾ മരിച്ചിട്ടുണ്ടാകുമെന്ന് അവർ ഉറപ്പിച്ചു ..
-- നായർ തറവാടായിരുന്നോ മുത്തച്ഛന്റെ?
** അതെ. മരുമക്കത്തായം കൊടികുത്തി വാഴുന്ന കാലം. കുറച്ചു കാലം കഴിഞ്ഞപ്പോൾ അച്ഛനും മുത്തച്ഛന്റെ അടുത്ത് പോയി. ജോലിയൊക്കെ ആയി, നാട്ടിൽ നിന്നും അമ്മയെ കല്യാണം കഴിച്ചു. അങ്ങനെ ഞാനും എന്റെ ചേട്ടനും പഞ്ചാബികളായി.
-- അപ്പോൾ മലയാളം എങ്ങിനെ പഠിച്ചു?
** അമ്മക്ക് നിർബന്ധമായിരുന്നു. അമ്മയാ എല്ലാം പഠിപ്പിച്ചേ.
-- നല്ല അമ്മയാണല്ലോ.
** അതൊക്കെ അവിടെ നിക്കട്ടെ. കണ്ണേട്ടൻ ഇപ്പോൾ എവിടെയാ.
-- ഇൻഡോറിൽ.
** ഇനി എന്നാ നാട്ടിൽ വരുന്നേ.
-- ഒന്നും തീരുമാനിച്ചില്ല.
** അടുത്തെങ്ങാനും നാട്ടിൽ അമ്പലത്തിലെ പൂരം കണ്ടിട്ടുണ്ടോ?
-- വർഷങ്ങൾക്കു മുൻപാ അവസാനം കണ്ടേ. മൂന്ന് ആനയുണ്ടായിരിക്കുന്നു.
** അത് വളരെ കാലം മുൻപായിരിക്കുമല്ലോ. ഇപ്പൊ അതൊക്കെ മാറിട്ടോ. കഴിഞ്ഞ പൂരത്തിന് ആന ഇരുപത്തൊന്നായിരുന്നു. പഞ്ചവാദ്യവും, കാവടിയും, നാഷിക് ധോളും, ഗാനമേളയും എല്ലാം എന്തൊരു രസമാണെന്നറിയോ. പിന്നെയുമുണ്ട് രസങ്ങൾ, കള്ളുകുടിയന്മാരുടെ ഡാൻസും തമ്മിലടിയും. ഇപ്പോൾ പൂരം രണ്ടു ദിവസമാണ്. ആദ്യദിവസം പഴയ സ്റ്റൈൽ പൂരവും, രണ്ടാം ദിവസം തെയ്യവും. ഇത്തവണ തെയ്യത്തിന്റെ ഹിറ്റ് കാന്താരയായിരുന്നു. അറിയില്ലേ ആ പുതിയ കന്നഡ സിനിമ.
-- ഓരോ പ്രാവശ്യം വരുമ്പോഴും നാടിനെന്തൊരു മാറ്റം. സ്ഥലങ്ങൾ തന്നെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി.
** ശരിക്കും. ഇപ്പോൾ പുറത്തു നിന്ന് വന്ന കുറെ പേര് സ്ഥലം വാങ്ങി താമസം തുടങ്ങിയിരിക്കുന്നു. ഞാൻ തന്നെ അറിയില്ല പുതിയവരെ.
-- എന്നാലും എന്നെ എങ്ങിനെ അറിയാം.
** ഈ കുഗ്രാമത്തിൽ നിന്നും ആദ്യമായി IAS കിട്ടിയ ആളല്ലേ കണ്ണേട്ടൻ. എല്ലാവർക്കും അതറിയാം. പഴയ ആളുകളൊക്കെ കുട്ടികളോട് പറയുന്നത് കേൾക്കാം, കണ്ണേട്ടനെപ്പോലെ പഠിച്ചു നന്നാവാൻ. കഷ്ടപ്പാടിൽ നിന്നും ഉയർന്നു വന്നതല്ലേ ഇദ്ദേഹം. അതൊന്നും ആളുകൾ ഇനിയും മറന്നിട്ടില്ല.
-- ഇത്രയൊക്കെ പോപ്പുലർ ആണോ ഞാൻ. എന്നിട്ടും എന്തെ ഞാനിതറിഞ്ഞില്ല.
** ഇനിയും എന്തൊക്കെ അറിയാൻ കിടക്കുന്നു. മറ്റുള്ളവരൊക്കെ ആൽത്തറയിൽ ഇരുന്നു അമ്പലത്തിൽ വന്ന പെൺകുട്ടികളെ കമെന്റടിച്ചപ്പോൾ, നിനക്കമ്മയും പെങ്ങളുമൊന്നും ഇല്ലേ എന്ന് ചോദിച്ചത് ഇപ്പോഴും ഫേമസ് ആണല്ലോ നാട്ടിൽ.
-- അതൊക്കെ അന്നത്തെ ഒരു നമ്പർ അല്ലേ :-).
** പണ്ട് കൂട്ടുകാർ പാത്തും പതുങ്ങിയും കള്ള് കുടിക്കുകയും, ബീഡി വലിക്കുകയും ഒക്കെ ചെയ്യുമ്പോൾ കണ്ണേട്ടൻ ചെയ്യാറില്ലല്ലോ. ഇപ്പോഴും അങ്ങിനെയാണോ.
-- അതെ. കുടിയും വലിയുമൊന്നുമില്ല.
** കാൽ തൊട്ടു വന്ദിച്ചു പൂജിക്കണം. ഈ കാലത്തു കുടിയും വലിയുമൊന്നും ഇല്ലാത്തവരെ കാണാൻ ബുദ്ധിമുട്ടാ. ഇപ്പോഴും പണ്ടത്തെ പോലെ മസിൽമാൻ ആണോ?
-- ഇടയ്ക്കു ജിമ്മിൽ പോകും, അത്ര തന്നെ.
** വയസ്സായിട്ടും മുടിയൊന്നും നരച്ചില്ലല്ലോ, ഡൈ തേക്കാറുണ്ടോ.
-- ഒന്ന് രണ്ടെണ്ണം നരച്ചു. കുറച്ചു കഴിയുമ്പോൾ ഡൈ ചെയ്യേണ്ടി വരും.
** വയസ്സ് അമ്പത് കഴിഞ്ഞല്ലോ സുന്ദരാ :-)
-- ആരൊക്കെയുണ്ട് വീട്ടിൽ?
** ഞാൻ ഒറ്റക്കാ. അച്ഛനും അമ്മയും ചേട്ടനും മരിച്ചു. ഏട്ടത്തിയമ്മ ജലന്ധറിലാ. വലിയ കോണ്ടാക്ട് ഒന്നുമില്ല.
-- അപ്പോൾ കുടുംബം?
** ഞാനതിനു കല്യാണം കഴിച്ചിട്ടില്ലല്ലോ.
-- ok. എന്ത് ചെയ്യുന്നു?
** ചെറിയ ഒരു ജോലിയുണ്ട്. പതിനഞ്ചായിരം മാസം കിട്ടും. എനിക്ക് അത് ധാരാളം. കണ്ണേട്ടന്റെ ജോലി എങ്ങിനെ പോകുന്നു.
-- നല്ല തിരക്കാ. നിന്ന് തിരിയാൻ സമയമില്ല.
** അതിൽ എന്താ ഇത്ര അത്ഭുതപ്പെടാൻ. വലിയ ഫിഗർ അല്ലെ. അടുത്തിടക്കല്ലേ പ്രൊമോഷൻ കിട്ടി ഡിവിഷണൽ കമ്മീഷണർ ആയെ.
-- എന്നെക്കുറിച്ചെല്ലാം അറിയാല്ലോ. ഇത്രയൊക്കെ ആയിട്ടും ആരാ എന്ന് പറഞ്ഞില്ല.
** അത് പറയാല്ലോ. കുറച്ചു കഴിയട്ടെ, ഇത്ര ധിറുതി പിടിക്കാതെ.
-- എന്നെ കണ്ടിട്ടുണ്ടോ?
** ഉവ്വ്, ഒരു തവണ. ഒരിക്കൽ വീട്ടിൽ വന്നിരുന്നു. ഒരു പക്ഷെ ഓർമ്മയുണ്ടാവില്ല.
-- ഇല്ല
** നാട്ടിലെ പഴയ ക്ലാസ്സ്‌മേറ്റ്കളുമായി കോണ്ടാക്ട് ഉണ്ടോ?
-- എൽ.പി സ്കൂളിലെ കൂട്ടുകാരെക്കുറിച്ചാണോ ചോദ്യം.
** അതെ.
-- ഇല്ല, കുറച്ചു കാലമായി തീരെ ഇല്ല.
** കുറച്ചു പേരൊക്കെ മരിച്ചു അല്ലെ.
-- അതെ നാല് പേർ മരിച്ചു.
** അല്ല ആറ് പേര് മരിച്ചു. സുബൈർ,സാജൻ, സുധാകരൻ, മനു, തോമസ്, രവി.
-- അയ്യോ, തോമസും, രവിയും മരിച്ചത് ഞാൻ അറിഞ്ഞില്ലല്ലോ. എന്ത് പറ്റി?
** തോമസ് COVID വന്നാ മരിച്ചേ. രവി കാൻസറും.
-- രവി ഗൾഫിൽ ആയിരുന്നല്ലോ. അവിടെ വെച്ചാണോ മരിച്ചെ?
** അല്ല. നാട്ടിൽ തിരിച്ചു വന്നു ബിസിനസ് ഒക്കെ തുടങ്ങി. മൂന്നു നാല് കൊല്ലം മുൻപാ ഒരു തലവേദന കണ്ടേ. ബ്രെയിൻ ട്യൂമർ ആയിരുന്നു.
-- മനുഷ്യന്റെ ഓരോ കാര്യം. രവിയുടെ കുട്ടികൾ ചെറുതാണല്ലോ. പാവം ഭാര്യ. ഇത്ര പെട്ടെന്ന് വിധവയായല്ലോ.
** രണ്ടു ചെറിയ കുട്ടികളാ. എട്ടു വയസ്സും, നാല് വയസ്സും. വൈകിയല്ലേ കല്യാണം കഴിച്ചേ. എന്തൊരു കഷ്ടാല്ലെ, ഒറ്റക്ക് രണ്ടു കുട്ടികളെയും വെച്ച്.
-- രവിയുടെ അമ്മയും, പെങ്ങളും നല്ല നിലയിൽ അല്ലെ.
** അവരൊന്നും സഹായിക്കില്ല. കുട്ടികളോടുന്നും മിണ്ടുക പോലുമില്ല.
-- അപ്പോൾ അവരുടെ ഫാമിലി?
** ആ കുട്ടി ഒറ്റക്കാ. അവരുടെ ആരും ജീവിച്ചിരിപ്പില്ല.
-- നാട്ടിലെ എല്ലാ വിശേഷങ്ങളും അറിയാല്ലോ... ആകാശവാണിയുടെ ജന്മം തന്നെ :-)
** നാട്ടിലെ ജാനുവമ്മക്കല്ലേ ആകാശവാണി എന്ന പേര്. അവരിപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ. ഒരു സ്ഥലത്ത് ഒരു ആകാശവാണി മതി.
-- അറിയാം
** അപ്പോൾ പുതിയ പേര് കണ്ടു പിടിക്കു.
-- അടുത്ത തവണ സംസാരിക്കുന്നതിനു മുൻപ് കണ്ടു പിടിച്ചിരിക്കും.
** അടുത്ത തവണ സംസാരിക്കും എന്നതിനെന്താ ഉറപ്പ്.
-- മനസ്സ് പറയുന്നു. മനസ്സിലെ ആഗ്രഹം പുറത്തു വന്നപ്പോൾ പറഞ്ഞതാ.
** ആഗ്രഹങ്ങൾ നല്ലതാ, നടക്കുമെങ്കിൽ. എനിക്കെല്ലാം നടക്കാത്ത ആഗ്രഹങ്ങളാ.
-- എന്താ അങ്ങിനെ... പ്രേമനൈരാശ്യം വല്ലതും.
** പ്രേമിച്ചാലല്ലേ നൈരാശ്യമുണ്ടാകു.
-- അത് ശരിയാ. ആരെയും ഇത് വരെ കണ്ടെത്തിയില്ലെ?
** ഇല്ല. കണ്ടെത്തിയവരൊക്കെ അവരുടെ വഴിക്കു പോയി.
-- അവരോടു പറയാമായിരുന്നില്ലേ.
** വൈകിപ്പോയി.
-- ഇനിയും സമയമുണ്ടല്ലോ.
** അതുകൊണ്ടാ നടക്കാത്ത ആഗ്രഹങ്ങളെക്കുറിച്ചു പറഞ്ഞെ
-- സോറി, ഞാൻ അങ്ങിനെയൊന്നും വിചാരിച്ചില്ല.
** അതൊക്കെ പോട്ടെ. ഒരു കാര്യം ചോദിച്ചാൽ ദേഷ്യം വര്വോ?
-- എന്തിനാ ദേഷ്യം വരുന്നേ. ചോദിച്ചോളൂ.
** അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ അറിയിക്ക്വൊ. ഒന്ന് കാണാനാ. എന്റെ മനസ്സിലെ ഒരാഗ്രഹം. അതും നടക്കാത്ത സ്വപ്നം ആയി മാറില്ല എന്ന് കരുതട്ടെ.
-- എവിടെ എവിടെ വെച്ച് കാണും. ഞാൻ അമ്പലത്തിൽ വരുമ്പോൾ അറിയിക്കാം.
** പറ്റുമെങ്കിൽ വീട്ടിൽ വരൂ. വ്യാഴാഴ്ചകളിൽ എനിക്ക് ഉച്ച കഴിഞ്ഞാ ഷിഫ്റ്റ്. കുട്ടികൾ രാവിലെ സ്കൂളിൽ പോകും.
-- കുട്ടികളോ.. അപ്പോൾ കല്യാണം കഴിഞ്ഞില്ല എന്ന് നേരത്തെ പറഞ്ഞതോ. ഞാൻ എന്താ വിശ്വസിക്കാ?
** ക്ഷമിക്കണം. കല്യാണം കഴിഞ്ഞില്ലെന്നു പറഞ്ഞത് മാത്രമേ നുണയുള്ളൂ. ബാക്കി എല്ലാം, എന്റെ കുട്ടികളാണ് സത്യം.
-- ഇത് വരെ പേര് പറഞ്ഞില്ലല്ലോ
** വീട്ടിൽ വരുമോ എന്നതിന് ഉത്തരവും പറഞ്ഞില്ലല്ലോ.
-- ഞാനല്ലേ ആദ്യം ചോദിച്ചേ.
** തൽക്കാലം എന്നെ രാധയെന്നു വിളിച്ചോളൂ. കണ്ണന്റെ രാധയായിക്കോട്ടെ. രാധയാകുന്നതിൽ ബുദ്ധിമുട്ടുണ്ടോ.
-- ബുദ്ധിമുട്ടൊന്നും ഇല്ല. വീട്ടിൽ വന്നാൽ എന്ത് കിട്ടും, ചായയോ, കാപ്പിയോ.
** ചോദിക്കുന്ന എന്തും തരും
-- എന്തും?
** അതെ, എന്തും..
-- ഇത് വരെ ആരാന്ന് പറഞ്ഞില്ലല്ലോ.
** ചെറുപ്പത്തിലെ കളിക്കൂട്ടുകാരൻ, മരിച്ചു പോയ രവി, കല്യാണം കഴിച്ചത് ജലന്ധറിൽ നിന്നാണെന്നു ഇത്ര പെട്ടെന്ന് മറന്നോ....
1 comment:
Unni, Keep writing. The way the conversation progressed was good
Post a Comment