"സാറേ സ്ഥലം എത്തീട്ടോ ..". ജീപ്പിന്റെ വാതിൽ തുറന്നു പിടിച്ചു നിൽക്കുന്ന ഡ്രൈവറുടെ ശബ്ദം കേട്ടാണ് മുരുകൻ ഉണർന്നത്.
"നല്ല ഉറക്കം ആയോണ്ടാ ഞാൻ ഇടയ്ക്കു വിളിക്കാഞ്ഞേ.. ഡോക്ടർ സാറ് ഇറങ്ങിക്കോളൂ, ബാഗ് ഞാൻ എടുത്തോളാം".
പതീറ്റാണ്ടുകൾക്കു ശേഷം, ജനിച്ചു വളർന്ന നാട്ടിലേക്ക് ഒരു തിരിച്ചുപോക്ക് ഒരിക്കലും വിചാരിച്ചിരുന്നതല്ല. എല്ലാം മാറിയിരിക്കുന്നു, പക്ഷെ ഹെൽത്ത് സെന്റർ കെട്ടിടത്തിനു മാത്രം ഒരു മാറ്റവും ഇല്ല. പണ്ടത്തെ മതിലും, ഗേറ്റും പോയിരിക്കുന്നു.
"കെട്ടിടമൊക്കെ പൊളിഞ്ഞു തുടങ്ങീട്ട് കാലം കുറച്ചായി. മുൻപുണ്ടായിരുന്ന സാറ് കുറെയേറെ ശ്രമിച്ചിട്ടാ പെയിന്റ് അടിക്കാനെങ്കിലും പറ്റ്യേ. കുറെ ഓടി നടന്നു പാവം. രാഷ്ട്രീയക്കാർക്ക് പുതിയതു പണിയാനാണല്ലോ താല്പര്യം, മെയ്ന്റെനൻസ് ചെയ്യുമ്പോൾ പൈസ അധികം മുക്കാൻ പറ്റില്ല്യാലോ...". ഡ്രൈവറുടെ വാക്കുകൾ കേട്ടപ്പോൾ മുരുകന് ചിരി വന്നു.
"പടിയിൽ കിടക്കുന്ന പട്ടി പാവം ആണുട്ടോ സാർ, നമ്മടെ കല്യാണി. ആരെയും ഒന്നും ചെയ്യില്ല...". ഡ്രൈവർ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. അത് കേട്ടിട്ടാവണം കല്യാണി പതുക്കെ എണീറ്റ് വാലാട്ടി. ചുമരിൽ നിറയെ HIV യെയും AIDS നെയും കുറിച്ചുള്ള പോസ്റ്ററുകൾ, വാതിലിനടുത്തു ഒരു പെട്ടിയിൽ ആളുകൾക്ക് ഫ്രീ ആയെടുക്കാൻ വെച്ചിരിക്കുന്ന ഗർഭനിരോധന ഉറകൾ. അതിന്റെ താഴെ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു, "അകപ്പെടാതിരിക്കാൻ... അടിമപ്പെടാതിരിക്കാൻ.. ഉറകൾ ശീലമാക്കൂ".
"ഗുഡ് മോർണിംഗ് ആൻഡ് വെൽകം സർ. ഞാൻ മാത്യു, ഇവിടുത്തെ ഡോക്ടറാ. തിരുവന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്". ഡോക്ടർ ഷേക്ക് ഹാൻഡ് തരാൻ കൈ നീട്ടി.
"മുഖം ഓർമ വരുന്നില്ലട്ടോ, സോറി. വയസ്സായി വരുന്നു". മുരുകൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"സാർ പബ്ലിക് ഹെൽത്തിലേക്ക് മാറിയത് ഞാൻ അറിഞ്ഞില്ല".
"ഞാൻ ചോദിക്കാൻ മറന്നു, സാറിന് കാപ്പിയോ ചായയോ"
"വെള്ളം മതി".
"സോമാ സാറിനു കുടിക്കാൻ വെള്ളം" മാത്യു ഡ്രൈവറോട് പറഞ്ഞു.
"എന്തൊരു ചൂടാ ഈ മീനാക്ഷിപുരത്ത്. ഇത്രയും ചൂട് ഇതാദ്യായിട്ടാ എന്നാ ആളുകൾ പറയുന്നേ. സാറിവിടെ മുൻപ് വന്നിട്ടുണ്ടോ"
"ഇല്യാട്ടോ. ആദ്യമായിട്ടാ". ആർക്കും ഉപദ്രവമില്ലാത്ത ഒരു കള്ളം പറഞ്ഞു.
"സാറിന്റെ ഫാമിലി വന്നില്ലേ".
"വന്നില്ല. ഞങ്ങളിപ്പോൾ തിരുവനന്തപുരത്തു കവടിയാറാ താമസം. മോളിപ്പോൾ മെഡിസിന് ഫൈനൽ ഇയർ പഠിക്കുന്നു. അത് കഴിഞ്ഞേ ഇങ്ങോട്ടു മൂവ് ചെയ്യൂ. അതുവരെ ഞാൻ ഒറ്റക്കായിരിക്കും ഇവിടെ".
"ഇത് നല്ല കഥ. തലസ്ഥാനത്തു കിടക്കുന്ന സാറെന്തിനാ റിട്ടയർമെന്റിനു മുൻപ് ഈ കുഗ്രാമത്തിലേക്കു സ്ഥലം മാറിയേ. ആരും ചെയ്യാത്തതല്ലേ പൊതുവേ. എന്തെങ്കിലും പ്രത്യേകിച്ച്". മാത്യു നിർത്താനുള്ള ഭാവമില്ല.
"പ്രത്യേകിച്ചൊന്നും കൊണ്ടല്ല. ചിറ്റൂർ അല്ലെ കേരളത്തിൽ ആദ്യായി എയ്ഡ്സ് പരന്നെ. പിന്നീട് ആദ്യത്തെ എയ്ഡ്സ് സാക്ഷര ജില്ലയായതു പാലക്കാടും. എന്റെ സ്പെഷ്യലൈസേഷൻ ഇൻഫെക്ഷ്യസ് ഡിസീസ് ആണല്ലോ, അപ്പോൾ ഒരു കൗതുകം കാരണം മാറാൻ തോന്നിയതാ. പിന്നെ ടൗണിന്റെ തിരക്കിൽ നിന്നും ഒരു മോചനം".
"അത് നന്നായി സാറെ. നല്ല ആളുകളാണിവിടെ. നഗരത്തിന്റെ പരിഷ്കാരങ്ങളോ, തലക്കനമോ ഇല്ലാത്ത പാവം മനുഷ്യർ, നല്ല സ്നേഹവും. സാറിനിഷ്ടമാവും."
"മാത്യൂന്റെ ഫാമിലി.."
"ഞങ്ങൾ അങ്ങ് ഭരണങ്ങാനത്താ. എനിക്കിവിടെ വരാൻ ഇഷ്ടായിരുന്നു. പക്ഷെ ഭാര്യ കലി തുള്ളി ഞാൻ ഇങ്ങോട്ടു മാറിയപ്പോൾ. കുട്ടികൾ രണ്ടും ചെറുതാ. അവരുടെ പഠിപ്പും, അവളുടെ ജോലിയും ഒക്കെ കളഞ്ഞു ഇവിടെ വന്നു കിടക്കാൻ ആർക്കു പറ്റും. കഴിഞ്ഞ മൂന്നു കൊല്ലം തള്ളി നീക്കിയത് എങ്ങിനെയുന്നു കർത്താവിനു മാത്രേ അറിയുള്ളു. ചിലപ്പോൾ തോന്നും കല്യാണം വേണ്ടായിരുന്നു എന്ന്. മാത്യു അർത്ഥം വെച്ചൊന്നു ചിരിച്ചു. "ഇപ്പോൾ ഭരണം മാറിയല്ലോ. കാണേണ്ടവരെ കാണേണ്ട പോലെ കണ്ടപ്പോൾ ട്രാൻസ്ഫർ റെഡി".
"എത്ര പേഷ്യന്റ്സ് ഉണ്ട്"
"രണ്ടു പേർ. ഒരാൾ തേർഡ് ട്രൈമെസ്റെർ. ലോ ബി.പി യും, എഡീമയും. പ്രോഗ്ണോസിസ് ഒന്നും ആയില്ല. സാമ്പിൾസ് അയച്ചിട്ടുണ്ട്. നാളെ റിസൾട്ട് വരുമായിരിക്കും"
"രണ്ടാമത്തെ ആളോ".
"വയസ്സായ ഒരു അനാഥസ്ത്രീ. അല്പം സൈക്കോസിസ് ഉണ്ടെന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നും ഇല്ല. വൈലെന്റ് അല്ല, വെറുതെ ഇരുന്നു എന്തൊക്കെയോ സംസാരിക്കും. HIV പോസിറ്റീവ് ആയി ഒരെട്ടുപത്ത് കൊല്ലം ആയിക്കാണും. ഇപ്പോൾ മുഴുവനായും കിടപ്പായി, ബെഡ് സോർസും ഉണ്ട്. ഇന്നലെ മുതൽ അൺകോൺഷ്യസ്. നല്ല ബുദ്ധിമുട്ടാ നേഴ്‌സുമാർക്ക്. സാറിനറിയാലോ, ഇവർക്കൊക്കെ ഇത്രയും ഹെല്പ് കിട്ടുന്നത് തന്നെ കർത്താവിന്റെ കരുണ".
"ക്വാർട്ടേഴ്‌സ് ഞാൻ ഒഴിഞ്ഞു. അതെല്ലാം ക്ലീൻ ചെയ്തു ഇന്നലെ റെഡിയാക്കി. ഫുള്ളി ഫർണിഷ്ഡ്, സാറിനു എപ്പോൾ വേണമെങ്കിലും മൂവ് ഇൻ ചെയ്യാം പാകത്തിലാണിപ്പോൾ. പകലൊരു സെർവന്റ് വന്ന് അടിച്ചു വൃത്തിയാക്കി ഭക്ഷണമുണ്ടാക്കും. തുണിയൊക്കെ കഴുകിയിടും. കൂലിയൊക്കെ ചീപ്പാ, എല്ലാം സോമൻ പറയും".
"മാത്യു എന്നാ തിരിച്ചു പോണേ".
"ഞാനിന്നു രാത്രി ട്രെയിനിന് കോട്ടയം പോകും. ഉച്ചകഴിഞ്ഞു ഞാൻ വന്നു സാറിനെ കാണാം. സാറിപ്പോൾ ടയേർഡ് അല്ലെ. ഇന്നെന്തായാലും അറ്റെൻഡൻസ് സൈൻ ചെയ്തു പോയി റസ്റ്റ് എടുത്തോളൂ. ഇവിടെ ഞാൻ നോക്കിക്കോളാം. ഇവിടുന്നു പതിനഞ്ചു മിനിറ്റെ ഉള്ളു ക്വാർട്ടേഴ്സിലേക്ക്. അവിടെ ഔട്ട് ഹൗസിലാ ഡ്രൈവർ സോമൻ. സാറിനെന്തു വേണമെങ്കിലും അവനോട് പറഞ്ഞാൽ മതി".
"സോമന്റെ നാടെവിടെയാ". സ്റ്റാഫിനെ എല്ലാം പരിചയപ്പെട്ടു ജീപ്പിൽ കയറുമ്പോൾ സോമനോട് വെറുതെ കുശലം ചോദിച്ചു.
"കാസർഗോഡാ സാറേ. അമ്മക്ക് വയ്യാത്തോണ്ട് ഭാര്യ അമ്മടെ അടുത്താ. എന്താ ഇവിടുത്തെ ഒരു ചൂട്. പാലക്കടല്ലേ, പോരാത്തേന് ഈ മീനാക്ഷിപുരം തമിഴ്‌നാട് ബോർഡറും. പക്ഷെ സാറിന് എ.സിയും സോളാറും ഉള്ളോണ്ട് ചൂടറിയില്ല.
ക്വാർട്ടേഴ്സിന്റെ ഗേറ്റ് തുറക്കാൻ വണ്ടി നിർത്തിയപ്പോഴാണ് പുറത്തു ശ്രദ്ധിച്ചത്. വലിയ ഒരു പറമ്പിൽ അത്യാവശ്യം വലിപ്പമുള്ള ഒരു കെട്ടിടം. മുറ്റത്തു മനോഹരമായ പൂന്തോട്ടം. എല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
"സാറിനു കുളിക്കാൻ ചൂടുവെള്ളം വേണോ. ഗീസർ ഞാൻ ഓൺ ചെയ്യാം"
"ഉഷ്ണം ഉഷ്ണേന ശാന്തി എന്നാണോ സോമൻ ഉദ്ദേശിച്ചേ". അതുകേട്ടു സോമൻ നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചു പറഞ്ഞു. "സാറൊരു ഫലിതപ്രിയനാണല്ലോ".
"കുറച്ചു കഴിഞ്ഞു നമുക്കൊരു ഡ്രൈവ് പോയാലോ. നാടൊക്കെ ഒന്ന് കാണാല്ലോ".
"സാറ് കുളിച്ച്, ഊണ് കഴിഞ്ഞു ഒന്ന് റെസ്ററ് എടുക്കുന്നത് നല്ലതാ. വൈകീട്ട് കാപ്പി കുടിച്ചു നമുക്കിറങ്ങാം. അപ്പോഴേക്കും വെയിലിനൊരു അറുതി വരും". പെട്ടി തുറന്നു സാധനങ്ങൾ അടുക്കി വെക്കാൻ സഹായിക്കുന്നതിനിടയിൽ സോമൻ പറഞ്ഞു.
"മാത്യുസാറ് വൈകീട്ട് കഴിക്കാനുണ്ടാവും എന്ന് പറഞ്ഞു, അദ്ദേഹത്തിന് ചപ്പാത്തിയും, ചിക്കൻ കറിയും ആണിഷ്ടം. സാറിനെന്താ രാത്രിക്കു വേണ്ടേ. ചപ്പാത്തിയോ, ചോറോ, അതോ ടിഫിനോ? ". വൈകീട്ട് ജീപ്പിൽ കയറുമ്പോൾ സോമൻ ചോദിച്ചു.
"ചപ്പാത്തിയും, വെജിറ്റബിൾ കറിയും മതി എനിക്ക്".
"കടയിൽ ഞാൻ വിളിച്ചു പറയാം, നമ്മൾ തിരിച്ചു വരുമ്പോഴേക്കും റെഡിയാവും. നമുക്ക് മീങ്കര ഡാമിൽ പോയാലോ ആദ്യം. മലമ്പുഴ പോലെ തിരക്കൊന്നും ഇല്ലാത്ത സ്ഥലം. ഒറ്റക്കിരിക്കാൻ നല്ല രസാണ്. ഞാൻ ചിലപ്പോൾ പോവും. അവിടെ ഇരിക്കുമ്പോൾ എനിക്ക് വിഷമാവും, നാടോർമ്മ വരും".
"ആയിക്കോട്ടെ, വർഷങ്ങൾക്കു മുൻപ് നെയ്യാർ ഡാമിൽ പോയതാ. ആളുകൾ ധാരാളം ഉണ്ടായിരുന്നോണ്ട് ഇഷ്ടായില്ല".
പണ്ടുണ്ടായിരുന്ന നെൽപ്പാടങ്ങൾ മിക്കതും പറമ്പുകളാക്കി മാറ്റിയിരിക്കുന്നു... തെങ്ങും, പനയും നിറഞ്ഞ പറമ്പുകൾ. പാലക്കാടു നിന്നാണ് കേരളത്തിലെ ഷാപ്പുകളിൽ ഏറ്റവും കൂടുതൽ കള്ള് എത്തുന്നതെന്ന് ആരോ പറഞ്ഞു കേട്ടിരുന്നു. കേരളത്തിന്റെ ഒരു നെല്ലറ, കള്ളറ ആയി കണ്ടപ്പോൾ വിഷമം വന്നു. വലിയ പറമ്പുകൾ എല്ലാം ടെറസ് വീടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാം മാറി, ഇവിടം വിട്ടിട്ടു നാല്പത്തിയഞ്ചിലേറെ വർഷങ്ങൾ കഴിഞ്ഞു എന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല മുരുകന്. പഠിച്ച സ്കൂളിന് മുന്നിലെത്തിയപ്പോൾ ജീപ്പ് നിർത്തി ചുറ്റും നടന്നു. പണ്ടത്തെ 6B യിൽ കയറി അവസാനത്തെ ബെഞ്ചിലിരുന്നപ്പോൾ ഓർമ്മകൾ പലതും മിന്നിമായാൻ തുടങ്ങി. അവസാനം കരച്ചിൽ വന്നപ്പോൾ എണീറ്റു.
രാത്രി മാത്യു പോയി, പത്രം എടുത്തു ഉമ്മറത്തെ ചാരുകസാരയിൽ കിടന്നു വായന തുടങ്ങി. മുഴുവൻ വാർത്തയും രാഷ്ട്രീയം തന്നെ. മനസ്സിനെന്തോ ഒരു വല്ലായ്മ. പത്രം മടക്കി വെച്ചപ്പോൾ പഴയ കാലത്തേക്ക് മനസ്സ് പോയി.
മുരുകൻ ജനിച്ച ശേഷം തമിഴ്നാട്ടിൽ നിന്നും മീനാക്ഷിപുരത്തേക്കു വന്നതായിരുന്നു അപ്പനും അമ്മയും. ചെറിയ ഒരു കുടിലാണെങ്കിലും സന്തുഷ്ട കുടുംബം. അപ്പന് കള്ളുചെത്തായിരുന്നു. രാവിലെ അഞ്ചുമണിക്ക് പോകും ചെത്താൻ. അരക്കു പുറകിൽ കുരുമിയും (നെയ്യ് നിറച്ച പോത്തിന്റെ കാലെല്ല്, പൂക്കുല അടിച്ചു മയപ്പെടുത്താൻ ഉപയോഗിക്കുന്നു), ചെത്തുകത്തിയും, ഓലക്കത്തിയും, ചെത്തുചെളി നിറച്ച ചിരട്ടയും, വലതു വശത്ത് തൂങ്ങിക്കിടക്കുന്ന കുടുക്കയും (കള്ളുകലം) കെട്ടി പോകുന്ന നടത്തം കാണാൻ മുരുകനും എണീക്കും അപ്പന്റെ കൂടെ. അപ്പൻ നടക്കുമ്പോൾ അരക്കു ചുറ്റും എല്ലാം ഉരഞ്ഞുരഞ്ഞു പല ശബ്ദങ്ങൾ കേൾക്കാം. എല്ലാ വർഷവും നാവോറു പാടാൻ വരുന്ന അമ്മിണി കുറത്തിയെയും, രാമൻ കുറവനെയും ഓർമ വരും. അതിനൊപ്പം പുള്ളോക്കുടത്തിന്റെയും, വീണയുടെയും സംഗീതവും. അവര് വരുമ്പോഴെല്ലാം മുരുകന് വേണ്ടി നാവോറു പാടിക്കും അമ്മ. പിന്നെ എപ്പോഴോ അവർ വരാതെയായി. "മരിച്ചു പോയോ എന്തോ..", അമ്മ ഒരിക്കൽ പറഞ്ഞത് മുരുകൻ ഓർത്തു.
രാവിലെ കഞ്ഞിയുണ്ടാക്കിത്തന്ന് അമ്മ പാടത്തു പണിക്കു പോകും. മുരുകൻ സ്കൂളിലേക്കും. സ്കൂളിൽ പോകുന്നത് രസമാണവന്. ക്ലാസ്സിൽ ഒന്നാമനായതുകൊണ്ടു ടീച്ചർമാരുടെ കണ്ണിലുണ്ണിയായിരുന്നു. സ്കൂളിൽ ഗോതമ്പുപ്പുമാവായിരുന്നു ഉച്ചക്കെന്നും. മേരി ചേടത്തിയാര് ഉണ്ടാക്കുന്ന ആ ഉപ്പുമാവിന്റെ സ്വാദ് ഇപ്പോഴും നാവിലുണ്ട്. പലപ്പോഴും വിളമ്പാൻ സഹായിക്കും, ഉപ്പുമാവ് ബാക്കി വന്നാൽ ചേടത്തിയാര് അത് പൊതിഞ്ഞു കൊടുക്കും, രാത്രി കഴിക്കാൻ.
നാലാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയപ്പോഴാ ആദ്യമായി അവനൊരു സമ്മാനം കിട്ടുന്നേ. പഞ്ചായത്തിൽ നിന്നും അമ്പതു രൂപയും ഒരു ഹീറോ പേനയും. മെമ്പറുടെ കയ്യിൽ നിന്നും ആ സമ്മാനം അഭിമാനത്തോടെ വാങ്ങുമ്പോൾ അപ്പൻ ആരോടോ പറയുന്നതു കേട്ടു, "അവൻ നന്നാവും, വലിയ ഉയരങ്ങളിൽ എത്തും". ബ്രൗൺ നിറമുള്ള, ഗോൾഡ് ക്യാപ്പോടു കൂടിയ ആ പേന അവനൊരിക്കലും ഉപയോഗിച്ചില്ല, സൂക്ഷിച്ചെടുത്തു വെച്ചു, ഒരു നിധി പോലെ.
യു.പി സ്കൂളിൽ പഠിക്കുമ്പോൾ പുതിയ ഒരു ടീച്ചർ സ്ഥലം മാറി വന്നു. ഉയരം കുറഞ്ഞു വെളുത്ത് കാണാൻ ചന്തമുള്ള രാധടീച്ചർ. ഭർത്താവിന് ചിറ്റൂർക്കു സ്ഥലം മാറ്റം. തെക്കെവിടെയോ ആയിരുന്നു അവരുടെ നാട്. മധ്യവയസ്കയായിട്ടും കുട്ടികളില്ലാതിരുന്ന ടീച്ചറിനു മുരുകൻ മകനായി. സമയം കിട്ടുമ്പോഴൊക്കെ ടീച്ചറുടെ കൂടെ ഉണ്ടാവും അവൻ. അവരുടെ ശിക്ഷണത്തിൽ മുരുകൻ സ്കൂളിൽ ഒന്നാമനായി തന്നെ തുടർന്നു.
കൂട്ടുകാരുടെ കൂടെ കുറ്റിയും കോളും കളിച്ചും, സൈക്കിൾ ടയർ ഉരുട്ടി പിന്നാലെ ഓടിയും, അമ്മയെ അടുക്കളയിൽ സഹായിച്ചും മിടുക്കനായി വളർന്നു മുരുകൻ. അങ്ങിനെയിരിക്കെ ഒരു ദിവസം ക്ലാസ് കഴിഞ്ഞു വരുമ്പോൾ ആരും വീട്ടിൽ ഇല്ല. അടുത്ത വീട്ടിലെ അമ്മയാണ് പറഞ്ഞെ, അപ്പൻ തെങ്ങിൽ നിന്നും വീണ കാര്യം. മാസങ്ങൾക്കു ശേഷം വീട്ടിൽ വന്നപ്പോൾ അറിഞ്ഞു, അരക്കു താഴെ തളർന്ന അപ്പൻ ഇനിയൊരിക്കലും നടക്കില്ല്യാന്ന്.
അമ്മ പണിക്കുപോയി കൊണ്ടുവരുന്ന പൈസ അച്ഛന്റെ മരുന്നിനു പോലും തികയാതായപ്പോൾ വീട്ടിൽ പട്ടിണി സ്ഥിരമായി. അമ്മയുടെ കരച്ചിലും, അപ്പന്റെ ദേഷ്യം വരുമ്പോഴുള്ള അലർച്ചയും തുടങ്ങുമ്പോൾ അവൻ വീട്ടിൽ നിന്നിറങ്ങും, പഠിക്കാനുള്ള താല്പര്യവും കുറഞ്ഞു വന്നു. ഒരു ദിവസം അടുത്ത വീട്ടിലെ രാജമാമൻ വന്ന് അമ്മയോട് കുറെ സംസാരിച്ചു. അന്ന് അപ്പനും അമ്മയും തമ്മിൽ ഭയങ്കര വഴക്കായി. അപ്പൻ കരയുന്നതാദ്യമായിട്ടാണ് അവൻ കണ്ടത്.
അന്ന് വൈകീട്ട് രാജമാമന്റെ കൂടെ അമ്മ ഉടുത്തൊരുങ്ങി പോയി വരുമ്പോൾ രാത്രി വളരെ വൈകിയിരുന്നു. പിന്നീടുള്ള രാത്രികളിൽ ഇതൊരു പതിവായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയെ കൊണ്ട് പോകാൻ അപരിചിതർ പലരും കാറുമായി വന്നുതുടങ്ങി. അമ്മയുടെ കയ്യിൽ പൈസ വന്നു, ചോർന്നൊലിക്കുന്ന, ഓലമേഞ്ഞ വീട് ആസ്ബസ്റ്റോസ് ആക്കി, മുരുകന് പുതിയ വസ്ത്രങ്ങൾ വാങ്ങി, അപ്പന്റെ അലർച്ചയും, സംസാരവും നിന്നു. പക്ഷെ അപ്പന്റെ കണ്ണുകൾ എപ്പോഴും നിറഞ്ഞിരുന്നു. ഒരു ദിവസം അപ്പൻ മരിച്ചു, അമ്മ വിഷം കൊടുത്തു കൊന്നെന്നായിരുന്നു നാട്ടിൽ പറഞ്ഞു കേട്ടത്.
കുറച്ചു കാലം കഴിഞ്ഞപ്പോൾ, മുരുകനൊരു പെങ്ങൾ ജനിച്ചു. കറുത്ത നിറമാണെങ്കിലും കുഞ്ഞനിയത്തിയെ ജീവനായിരുന്നു അവന്. അമ്മയില്ലാത്ത രാത്രികളിൽ അനിയത്തിയായി അവന്റെ കൂട്ട്. താമസിയാതെ അനിയത്തിക്ക് വിട്ടുമാറാത്ത പനി തുടങ്ങി. ആസ്പത്രിയിൽ കൂടെ കൂടെ കൊണ്ട് പോയെങ്കിലും അനിയത്തി അധികകാലം ജീവിച്ചില്ല, മുരുകൻ വീണ്ടും ഒറ്റക്കായി.
പിന്നീട് വിട്ടുമാറാത്ത പനി അമ്മയെയും കൊണ്ട് പോയപ്പോൾ മുരുകൻ സ്കൂളിൽ പോക്ക് നിർത്തി. ചെറിയ പണികളെടുത്തും, അടുത്ത വീടുകളിൽ നിന്നു കിട്ടിയ ഭക്ഷണം കഴിച്ചും കുറച്ചു കാലം ജീവിച്ചു. പക്ഷെ പതുക്കെ പതുക്കെ ആളുകൾ അവനെ ഒഴിവാക്കാൻ തുടങ്ങി. ഒരു ദിവസം റോഡിലൂടെ നടന്നു വരുമ്പോൾ ആരോ കല്ലെടുത്തെറിഞ്ഞു തല പൊട്ടിച്ചു. രക്തം വാർന്നൊലിക്കുന്ന അവന്റെ അടുത്തുവരാതെ നിന്ന ആൾക്കൂട്ടത്തിലാരോ പറയുന്നതു കേട്ട് ഒന്നും മനസ്സിലാവാതെ പാവം പൊട്ടിക്കരഞ്ഞു. "അമ്മയും, പെങ്ങളും എയ്ഡ്സ് വന്നാ ചത്തെ. അടുത്ത് പോണ്ട, അവനും അതുണ്ടാവും".
പിറ്റേ ദിവസം രാധ ടീച്ചർ അവനെ കാണാനെത്തി, കൂടെ രണ്ടു കന്യാസ്ത്രീകളും. ടീച്ചർക്ക് ബന്ധുക്കൾ ആരും ഇല്ലെന്നും, ഇവരുടെ അനാഥാലയത്തിലാണ് വളർന്നെതെന്നും പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. അവരുടെ കൂടെ പോകാൻ ടീച്ചർ നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ അവൻ സമ്മതിച്ചു. സൂക്ഷിച്ചുവെച്ചിരുന്ന ഹീറോ പേന ടീച്ചർക്ക് ഓർമക്കായി നൽകി അവൻ എന്നെന്നേക്കുമായി ആ നാട് വിട്ടു.
"സാറെന്താ ഉമ്മറത്തു കിടന്നു സ്വപ്നം കാണാണോ. അകത്തു പോയ്ക്കോളു സാറേ. ഇവിടെ കിടന്നു ജലദോഷം വരേണ്ട". മാത്യുവിനെ യാത്രയാക്കി തിരിച്ചുവന്ന സോമന്റെ ശബ്ദം കേട്ടപ്പോൾ വെറുതെ ഒന്ന് ചിരിച്ചു.
"ആ പ്രാന്തത്തിത്തള്ള രാത്രി മരിച്ചു സർ, അറ്റൻഡർ ആണ് ആദ്യം ശ്രദ്ധിച്ചേ...". ഒരു ദിവസം രാവിലെ ഓഫീസിൽ എത്തിയപ്പോൾ നേഴ്സ് ഓടിവന്നു പറഞ്ഞു. കുറെ കഴിഞ്ഞപ്പോൾ പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. എഫ്. ഐ.ആർ തയ്യാറാക്കി ഒപ്പു വാങ്ങാൻ വന്ന പോലീസ്‌കാർ തുരുമ്പിച്ച ഒരു ചെറിയ പെട്ടി മേശയിൽ വെച്ചു.
"ആ തള്ളേടെ ഭാണ്ഡത്തിൽ കുറച്ചു കീറത്തുണിയും, ഈ പെട്ടിയും മാത്രമേ ഉള്ളു. സാറിന്റെ മുന്നിൽ വെച്ച് വേണം പെട്ടി തുറക്കാൻ. തോമാസേ സൂക്ഷിച്ചു തുറക്കണേ, കൈ മുറിഞ്ഞാൽ ടി.ടി എടുക്കേണ്ടി വരും". അത് കേട്ടപ്പോൾ മുരുകനും വന്നു ചിരി. പക്ഷെ തോമസ് പെട്ടി തുറന്നപ്പോൾ മുരുകന്റെ മനസ്സൊന്നു പിടഞ്ഞു. അതിനകത്തു പൊട്ടിപൊളിഞ്ഞ ഒരു ബ്രൗൺ ഹീറോ പേന.
"ക്ലെയിം ചെയ്യാൻ ബന്ധുക്കൾ ആരും ഇല്ലാത്ത സ്ഥിതിക്ക് ബോഡി മെഡിക്കൽ കോളേജിലേക്കയക്കാം അല്ലെ സാർ. ആംബുലൻസിനു ഫോൺ ചെയ്യട്ടെ". പോലീസുകാരൻ ചോദിച്ചു.
"വേണ്ട..".
എന്ത് ചെയ്യണമെന്നറിയാതെ പതറി നിൽക്കുന്ന പോലീസുകാരോട് പതിഞ്ഞ ശബ്ദത്തിൽ മുരുകൻ പറഞ്ഞു. "ബന്ധുക്കളുടെ കോളത്തിൽ എന്റെ പേരെഴുതിക്കോളൂ.."
No comments:
Post a Comment