Saturday, February 18, 2023
നൊമ്പരങ്ങളും ഞാനും
ഒരു ദിവസം, ക്ലാസ്സിൽ പിൻബെഞ്ചിലിരിന്നു ബോറടിച്ചപ്പോൾ ഞാൻ നോട്ട് എഴുതാൻ തുടങ്ങി. എന്തോ കുത്തിക്കുറിക്കുന്നതു കണ്ടു കലി കയറിയ സാർ നോട്ട് നോക്കിയപ്പോൾ ഗെറ്റ് ഔട്ട് അടിക്കുന്നതിനു പകരം എന്റെ നോട്ടിനെക്കുറിച്ചു വാചാലനായി. ഇംഗ്ലീഷ്, മലയാളം കയ്യെഴുത്തു മത്സരങ്ങളിൽ ഒന്നാം സ്ഥാനം കിട്ടിയത് ഞാൻ പറയാനും പോയില്ല.
ക്ലാസ് കഴിഞ്ഞപ്പോൾ പലരും വന്നും പരിചയപ്പെട്ടു. ആരും അറിയാതിരുന്ന ഞാൻ പതുക്കെ പോപ്പുലർ ആയി എന്ന് മാത്രമല്ല, ഒരു കോളേജ് സൗഹൃദം അവിടെ മൊട്ടിടാൻ തുടങ്ങി. മാമൻ സതീഷും, തൃക്കൂർ രമേഷും, കൂർക്കഞ്ചേരി ഉണ്ണിയും, ഏങ്ങണ്ടിയൂർ സുരേഷും, മുല്ലശ്ശേരി ഷാന്റൊയുമൊക്കെ എന്റെ കൂട്ടുകാരായി. പിന്നീടെപ്പോഴോ ഒരാളുകൂടെ ഞങ്ങളുടെ ഗ്രൂപ്പിൽ ചേർന്നു, എല്ലാ ക്ലാസ്സിലും മുൻബെഞ്ചിലിരുന്ന് ശ്രദ്ധയോടെ പഠിക്കുന്ന രാംകുമാർ, ഞങ്ങളുടെ രാമു.
രാമുവിനെക്കുറിച്ചു പറയാൻ കുറെയുണ്ട്. പഠിത്തത്തിൽ ഒന്നാമൻ,ഞങ്ങളെപ്പോലെ തെണ്ടിത്തരങ്ങൾ ഒന്നും കാണിക്കാത്ത മിതഭാഷി, എപ്പോഴും പുഞ്ചിരിച്ചു നടക്കുന്ന വെളുത്ത സുന്ദരൻ. ഞങ്ങൾ തൃശ്ശൂർക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ചെമ്പു ചുള്ളൻ.
ആയിടക്കാണ് ടൗണിൽ സതീഷിന്റെ വീടുപണി തുടങ്ങിയത്. കോൺക്രീറ്റ് നനക്കാൻ എന്നും ഉച്ചയൂണ് മുടക്കി ഞങ്ങൾ പോകും. മിക്കവാറും സതീഷിന്റെ സൈക്കിളിൽ ഡബിളോ, ട്രിപ്പിളോ വെച്ചായിരിക്കും യാത്ര. ഒരു ദിവസം ആ സൈക്കിൾ കേടു വന്നപ്പോൾ ഷാന്റോ ഉണ്ണിയുടെ സൈക്കിൾ എടുത്തു. റെയിൽവേ ട്രാക്കിൽ സർക്കസ്സ് കളിച്ച് ഫോർക്ക് ഒടിച്ച ഷാന്റോ ആരോടും പറയാതെ സൈക്കിൾ തിരികെ വെച്ചു. ഫോർക്ക് ഒടിച്ചത് ഷാന്റോ ആണെങ്കിലും, ആ പാവം കൂർക്കഞ്ചേരിക്കാരനൊരു പേര് വീണു, "ഫോർക്ക് ഉണ്ണി".
പിറ്റേ ദിവസം നനക്കാൻ പോകാൻ സൈക്കിൾ അന്വേഷിച്ച് നടന്ന ഞങ്ങളോട് രാമു പറഞ്ഞു, "എന്റെ വീടിനു മുൻപിൽ ഒരു സൈക്കിൾ കടയുണ്ട്. ചെറുപ്പം മുതൽ എനിക്ക് ജോൺസേട്ടനെ അറിയാം. ഞാൻ പറഞ്ഞാൽ വാടക കുറച്ചു സൈക്കിൾ കിട്ടും". അന്ന് മുതൽ ജോൺസേട്ടൻ ഞങ്ങളുടെ സൈക്കിൾ കൺസൾട്ടന്റായി എന്ന് മാത്രമല്ല സൈക്കിൾ തിരിച്ചു കൊടുക്കാൻ ചെല്ലുമ്പോഴൊക്കെ ജോൺസേട്ടന്റെയടുത്തു കത്തി വെക്കുക പതിവായി.
ഒരു ദിവസം രാമുവിന്റെ അച്ഛനെയും, അമ്മയെയും ഞങ്ങൾ പരിചയപ്പെട്ടു. മകന്റെ കൂട്ടുകാരെ അകത്തു വിളിച്ച് ചായയും, പലഹാരങ്ങളും നൽകി സൽക്കരിക്കാൻ ഒരു മടിയും കാണിച്ചില്ല അവർ. വളരെ പെട്ടെന്ന് ഞങ്ങൾ അവരുമായി അടുത്തു. വീടിന്റെ താക്കോൽ ഇരിക്കുന്ന സ്ഥലം പോലും പറഞ്ഞുതന്ന്, രാമു വീട്ടിൽ ഇല്ലെങ്കിലും വന്നോളാൻ അവർ പറഞ്ഞപ്പോൾ രാമുവിനോടല്പം അസൂയ തോന്നാതിരുന്നില്ല, ഇത്രയും നല്ല അച്ഛനെയും, അമ്മയെയും അവനു കിട്ടിയതിൽ. അവർ ജോലിക്കു പോകുന്നതിനു മുൻപ് ഉണ്ടാക്കുന്ന കറികൾ ആ അമ്മ ഞങ്ങൾക്ക് ഊണിനു എടുത്തുവെക്കും. വീട്ടിൽ നിന്ന് കൊണ്ട് വരുന്ന പൊതിച്ചോറിന്റെ കൂടെ സാമ്പാറും, ഉപ്പേരിയുമൊക്കെ ആയപ്പോൾ "വെറും ചോറ്" ഞങ്ങൾക്ക് സദ്യകളായി മാറി.
ദിവസങ്ങൾ കഴിഞ്ഞു ഇലക്ഷൻ വന്നു, ക്യാമ്പസ് ഉണർന്നു. "കെ.എസ്.യു" വിന്റെ നീലക്കൊടിയും, "എസ്.എഫ്.ഐ" യുടെ ശുക്ലപതാകയും ദേഹത്ത് മുട്ടി നടക്കാൻ പറ്റാതായപ്പോൾ വേറൊരു പാർട്ടി പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ ഭാഷയിൽ അട, ബോണ്ട, വട, പുട്ട് - "എ.ബി.വി.പി".
ക്ലാസ്സിലെ വിശ്വൻ എസ്.എഫ്.ഐ ബാനറിൽ നിന്നപ്പോൾ, സ്ഥാനാർത്ഥികളെ കിട്ടാതിരുന്ന എ.ബി.വി.പി രാമുവിനെ ചൂണ്ടയിട്ട് പിടിച്ചു. പുതിയ ജീൻസ് പാന്റും, ടി-ഷർട്ടും, ചെത്ത് "ആക്ഷൻ" ഷൂസും കൈക്കൂലി കിട്ടിയത്രേ രാമുവിന്. രണ്ടു സ്ഥാനാർഥികളെയും ഒരുപോലെ സപ്പോർട്ട് ചെയ്യാൻ, പാർട്ടിയൊക്കെ മറന്ന് ഞങ്ങൾ വോട്ടു പിടിക്കാനിറങ്ങി. വടക്കേ ഇന്ത്യയിൽ പഠിച്ച വിശ്വൻ മലയാളവും, ഹിന്ദിയും, ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യും. പോരാത്തതിന്, ഒഴിവു കിട്ടുമ്പോൾ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ അനൗൺസറായി ജോലിയും. അവനു മുന്നിൽ രാമു വെറുമൊരു നോക്കുകുത്തിയാകും എന്നറിഞ്ഞിട്ടും അവന് ഞങ്ങൾ ആത്മവിശ്വാസം പകർന്നുകൊണ്ടേയിരുന്നു.
യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ പങ്കെടുക്കാനുള്ള ധൈര്യമൊന്നും ഇല്ലാതിരുന്ന രാമു വെറുമൊരു കാഴ്ചക്കാരനായി. "വിൻഡ് ഇൻസ്ട്രുമെന്റസ്" വിഭാഗത്തിൽ "വാഷിംഗ് പൌഡർ നിർമ..." എന്ന പരസ്യഗാനം, "മൗത് ഓർഗനിൽ" വായിച്ച വിശ്വൻ രണ്ടാം സ്ഥാനം നേടി. യൂണിവേഴ്സിറ്റി സമ്മാനം നേടിയ വിശ്വനെ ക്യാമ്പസ് തലയിലേറ്റി. പിന്നീടാണറിഞ്ഞത്, ആ വിഭാഗത്തിൽ വിശ്വൻ അടക്കം ആകെ രണ്ടു പേരെ മത്സരിച്ചുള്ളു എന്ന്.
ഇലക്ഷൻ കഴിഞ്ഞപ്പോൾ വിശ്വൻ ജയിച്ചു, രാമു എട്ടു നില അമിട്ട് പൊട്ടുന്നപോലെ പൊട്ടി. വിജയം ആഘോഷിക്കാൻ, ഉച്ചക്കവധി ചോദിച്ചു ചെന്ന രണ്ടു പേരെയും, ഡിപ്പാർട്മെൻറ്റ് ഹെഡ് നടരാജൻ മാഷ് അടുത്ത് വിളിച്ചു പറഞ്ഞു, "ഹാപ്പി കണ്ടോളൻസ്".
അവസാന വർഷത്തിലെ സമരങ്ങളും, ക്ലാസ്സുകളും, വിനോദയാത്രയും, സ്റ്റഡി ലീവും, പരീക്ഷയുമൊക്കെ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഗ്രൂപ്പിൽ ആളു കുറഞ്ഞു. മാമൻ സതീഷ് ബി.എഡ് നു ചേർന്നു, ജോണിയും, രമേഷും മെഡിക്കൽ റെപ്പുകൾ ആയി, ഷാന്റോ ജോലി തെണ്ടാൻ ഡൽഹിക്കു പോയി.
ഞാനും, അക്കോഷേട്ടനും, ഫോർക്കുമൊക്കെ ജീവിതം ചോദ്യചിഹ്നമാക്കാൻ തുടങ്ങിയപ്പോൾ ഡിഗ്രി റിസൾട്ട് വന്നു, കോളേജിൽ രാമു ഒന്നാമൻ. കേരളത്തിൽ ആകെ പന്ത്രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്ന എം.എസ്.സി ഇലക്ട്രോണിക്സിനു ചേർന്നു രാമു.
ഞങ്ങൾ കുറച്ചു പേർ എം.സി.എ എൻട്രൻസിന് കംബൈൻഡ് സ്റ്റഡി തുടങ്ങി. രാമുവും കൂടി ഇടക്കൊക്കെ. എൻട്രൻസ് റിസൾട്ട് വന്നതും രാമുവാണ് ഓടിയെത്തി ഞങ്ങളെ അറിയിച്ചത്. "എനിക്ക് കുറച്ചു കൂടെ പ്രിപ്പയർ ചെയ്യാമായിരുന്നു. ഇനി അടുത്ത വർഷം നോക്കണം. ഈ എം.എസ്.സി യൊക്കെ പഠിച്ചിട്ടെന്തു ചെയ്യാനാ. ഉണ്ണിയും, അശോകനും നോട്ടുകൾ കളയാതെ എനിക്ക് തരണം. ആ നോട്ട്സ് പഠിച്ചാൽ എനിക്കുറപ്പാ, നിങ്ങളെപ്പോലെ എനിക്കും കിട്ടും". "അതിനെന്താ രാമു, നോട്ടുകൾ ഞാൻ എത്തിക്കാം. ഞാനും അശോകനും നിന്നെ സഹായിക്കുകയും ചെയ്യാം. നീ വിഷമിക്കേണ്ടടാ, അടുത്ത വർഷം നിനക്ക് ഉറപ്പാ". അവന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടില്ലെന്നു നടിച്ചു.
ആഴ്ചകൾക്കു ശേഷം നോട്ടെല്ലാം എടുത്ത് രാമുവിനെ കാണാൻ ചെന്ന ഞാൻ അവന്റെ വീട് അടച്ചു കിടക്കുന്നതു കണ്ടു. "രാമു വീട്ടിൽ ഇല്ലേ ജോൺസേട്ടാ..", ഞാൻ ചോദിച്ചു. "അവനവിടെത്തന്നെ ഉണ്ടെടാ. കഴിഞ്ഞ ഒരാഴ്ചയായി ഫുൾടൈം പഠിപ്പാണ്. എം.എസ്.സി ഒന്നാം വർഷപ്പരീക്ഷക്കു നന്നായി പഠിക്കണ്ടെ. ആര് വന്നാലും ശല്യപ്പെടുത്തേണ്ടെന്ന് കഴിഞ്ഞ ആഴ്ചയേ പറഞ്ഞിരുന്നു". ജോൺസേട്ടന്റെ അടുത്ത് നിന്നൊരു ബീഡിയും വാങ്ങി ഞാൻ രാമുവിന്റെ പഴയ കഥകൾ പങ്കിട്ടു. ഏകദേശം ഒരു മണിയായപ്പോൾ നോട്ടെല്ലാം രാമുവിന് കൊടുക്കാൻ ഏൽപ്പിച്ച ശേഷം, ജോൺസേട്ടനോട് യാത്ര പറഞ്ഞ് ഞാൻ ടൗണിലേക്ക് ഇറങ്ങി.
ടൗണിൽ കറങ്ങി നടന്ന് ഏകദേശം മൂന്ന് മണിയായപ്പോൾ സതീഷിന്റെ വീട്ടിലേക്കു നീങ്ങി. വഴിക്കു വെച്ച് തന്നെ സതീഷ് സൈക്കിളിൽ പാഞ്ഞു വരുന്നത് കണ്ടു. "ടാ.. നീ അറിഞ്ഞോ, നമ്മുടെ രാമു വിഷം കഴിച്ചു മരിച്ചു, ഇന്ന് ഉച്ചക്ക് ഏകദേശം 1:30 നായിരുക്കും മരിച്ചതെന്നാ ഡോക്ടർ പറയുന്നേ. ഏകദേശം രണ്ടു മണിക്ക് കൂട്ടുകാരുടെ നോട്ടുബുക്ക് കൊടുക്കാൻ ചെന്ന ജോൺസേട്ടനാ കണ്ടേ. അവന്റെ അമ്മയും, അവനിഷ്ടമുള്ള ആ പെൺകുട്ടിയും ന്യൂസ് അറിഞ്ഞപ്പോൾ തന്നെ ബോധം കെട്ട് വീണതാ. ഇതുവരെയും എണീറ്റിട്ടില്ലെന്നാ കേട്ടത്. എന്നാലും എന്റെ ഉണ്ണി, അതും രാമു... ഞാൻ എന്ത് പറയാനാ... അവനെന്തിന്റെ കുറവായിരുന്നു". പിന്നെ പറഞ്ഞോതൊന്നും ഞാൻ കേട്ടില്ല, വീഴാതിരിക്കാൻ സതീഷിന്റെ സൈക്കിളിൽ ഞാൻ മുറുക്കെ പിടിച്ചു.
മരവിപ്പ് തീർന്നപ്പോൾ ഞാൻ എന്റെ വീട്ടിലേക്കു പോന്നു. ആരോടും ഒന്നും പറയാതെ മുറിയിൽ കയറി മണിക്കൂറുകളോളം ഉറങ്ങി. "എന്തൊരു ഉറക്കാടാ ഇത്, നീ രാത്രി കാക്കാൻ പോയോ. ഇങ്ങനെയുണ്ടോ ഒരു പകലുറക്കം". അമ്മൂമ്മയുടെ വാക്കുകൾ കേട്ട്, എപ്പോഴോ ഞാൻ ഉണർന്നു.
പിന്നെ ഞാൻ രാമുവിന്റെ വീട്ടിൽ പോയിട്ടില്ല. ആ അമ്മയെയും, അച്ഛനെയും അഭിമുകീകരിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷേ ആ മരണം എന്നെ മാറ്റി, ആദ്യമായി രാമുവിനോടെനിക്ക് വെറുപ്പ് തോന്നി. വെറുപ്പ് വളർന്നു വളർന്ന് ആത്മഹത്യ ചെയ്യുന്നവരോട് പുച്ഛവും, പരിഹാസവും തോന്ന്നിത്തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ എല്ലാത്തിനും കാരണം രാമു മാത്രമായി.
മുപ്പതു വർഷമായി രാമു മരിച്ചിട്ട്, അവനെ വെറുക്കാൻ തുടങ്ങിയിട്ടും. ഈയടുത്ത് എന്റെ ജീവിതത്തിൽ വേറൊരു സംഭവം നടന്നു, എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും, ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു, അപ്പോൾ മാത്രമേ ഞാൻ ആത്മഹത്യയെക്കുറിച്ച് പഠിച്ചുള്ളൂ, തെറാപ്പിയും, സി.ബി.ടി യും, ഡി.ബി.ടി യും ചെയ്ത് സൈക്യട്രിസ്റ്റുകളെ കണ്ടു തുടങ്ങിയപ്പോൾ എനിക്കൊന്നു മനസ്സിലായി... "ഡിപ്രെഷൻ" എന്ന മഹാരോഗത്തിന്റെ അവസാന സ്റ്റേജ് ആണ് ആത്മഹത്യ. ആരും സ്വബോധത്തോടെ അത് ചെയ്യില്ല. എന്നാൽ സമയമായാൽ അത് തടുക്കാൻ സ്വയം കഴിയുകയും ഇല്ല. ഇവർ സഹായം ലഭിച്ചാൽ മാത്രമേ രക്ഷപ്പെടൂ. "ഇമ്പൾസീവ്നെസ്" എന്ന വാക്കിനു ഇത്രയും ആഴമുണ്ടെന്നു മനസ്സിലാക്കാൻ മുപ്പതു വർഷം എടുത്തു ഞാൻ.
ആത്മഹത്യയെന്ന വാക്കു കേൾക്കുമ്പോൾ രാമുവിനെ വെറുത്തിരുന്ന ഞാനിപ്പോൾ എന്നോട് സഹതപിക്കുന്നു. അന്നു അവന്റെ വീട്ടിൽ ഞാൻ കയറിയിരുന്നു എങ്കിൽ, ഒരു പക്ഷെ ഞങ്ങളുടെ രാമു ഇന്നും ജീവനോടെ ഇരുന്നേനെ.
--------
നിങ്ങളോ, നിങ്ങൾക്കറിയാവുന്നവരോ മാനസികമായി അസ്വസ്ഥകൾ അനുഭവിക്കുന്നുവെങ്കിൽ സഹായം എത്തിച്ചു കൊടുക്കു. നമ്മൾ ഇന്ത്യക്കാർക്ക് "മെന്റൽ" എന്ന വാക്ക് ഭ്രാന്തിന്റെ പര്യായമാണ്. എല്ലാ മാനസിക അസുഖങ്ങളും ഭ്രാന്ത് അല്ലെന്നും, ഏറിയ പങ്കും ചികിൽസിച്ചു ഭേദമാക്കാമെന്നും നമ്മളോരോരുത്തരും മനസ്സിലാക്കണം. ഇവിടെ "ജഡ്ജ്മെന്റൽ" ആകാതെ സഹായം നൽകുക. ഇതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ കഥയെഴുതാൻ ഞാനിന്നുണ്ടാകുമോ എന്തോ...
Thursday, February 9, 2023
ആദ്യത്തെ അമേരിക്ക ട്രിപ്പ്
ഡിഗ്രിക്ക് ശേഷം ജോലി അലഞ്ഞു തേരാ പാരാ നടക്കുമ്പോഴായിരുന്നു ഐ.എ.എസ് തലയ്ക്കു കയറിയത്. കോമ്പറ്റിഷൻ സക്സസ് മാസികകൾ വായിച്ചു തുടങ്ങിയപ്പോൾ അത് മിക്കവാറും വ്യാമോഹം മാത്രമാണെന്ന് മനസ്സിലായി. പിന്നെ യു.പി.എസ്.സി യും, പി.എസ്.സി യും മാത്രമായി മോഹം. അതിനു പഠിക്കാൻ ടൗണിലെ ഒരു അക്കാഡമിയിൽ ചേർന്നു. കോഴ്സ് കഴിഞ്ഞപ്പോൾ അവരെനിക്ക് ജോലി ഓഫർ ചെയ്തു. അങ്ങിനെ മാസം അഞ്ഞൂറ് രൂപ സമ്പാദിക്കുന്ന ഒരു ജോലിക്കാരനായി മാറി ഞാൻ.
ചായക്ക് അമ്പതു പൈസയും, മിനിമം ബസ് ചാർജ് എഴുപത്തഞ്ചു പൈസയും ഉണ്ടായിരുന്ന ആ കാലഘട്ടത്തിലെ മാസശമ്പളം എന്റെ തലക്കനം അല്പസ്വല്പം കൂട്ടി എന്ന് പറഞ്ഞാൽ അതിശയോക്തി ഒന്നുമില്ല. അക്കാഡമിയിൽ മാഷായ ഞാൻ, കാണാൻ കൊള്ളാവുന്ന സ്റ്റുഡന്റ്സിനെ സ്വപ്നം കണ്ടു നടന്നു. ആയിടക്കാണ് കമ്പ്യൂട്ടർ ജോലികളെക്കുറിച്ചു അറിഞ്ഞത്. മാസം പതിനായിരമോ അതിൽ കൂടുതലോ ശമ്പളം കിട്ടാൻ കമ്പ്യൂട്ടർ പഠിക്കാൻ തീരുമാനിച്ചു. എൻ.ഐ.ഐ.ടി ആയിരുന്നു ടൗണിലെ ഏറ്റവും നല്ല ട്രെയിനിങ് സെന്റർ. അവിടെ ചെന്നപ്പോൾ അറിഞ്ഞു… wordstar ഉം, lotus ഉം മാത്രം പഠിക്കാൻ ആയിരങ്ങൾ ചിലവാക്കണം. അത്രയും ചിലവാക്കണമെങ്കിൽ കക്കാൻ പോകേണ്ടി വരുമെന്ന അച്ഛന്റെ വാക്കുകൾക്കു ഉത്തരമെന്നോണം, എപ്പോഴെങ്കിലും കമ്പ്യൂട്ടർ പഠിക്കുമ്പോൾ ടൈപ്പിംഗ് സ്പീഡ് കൂടാൻ അടുത്തുള്ള ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിട്യൂട്ടിൽ ചേർന്നു. ഇൻസ്റ്റിട്യൂട്ടിലെ പ്രേമകഥകൾ കേട്ട്, ലൈൻ അടിക്കാൻ അവസരം കാത്തിരിക്കുമ്പോഴായിരുന്നു കമ്പ്യൂട്ടർ പഠിക്കാൻ ഏറ്റവും നല്ലതു എഞ്ചിനീയറിംഗ് കോഴ്സ് ആണെന്നും, പക്ഷെ ഡിഗ്രി കഴിഞ്ഞവർക്ക് നല്ലതു എം.സി.എ ആണെന്നുമുള്ള പുതിയ ന്യൂസ് അറിഞ്ഞത്. എല്ലാം നിർത്തി വെച്ച് ഞാൻ എം.സി.എ എൻട്രസ് പരീക്ഷക്ക് പ്രിപ്പറേഷൻ തുടങ്ങി.
എം.സി.എ കോഴ്സ് സി.എ (ചാർട്ടേർഡ് അക്കൗണ്ടന്റ്) യുടെ പോസ്റ്റ് ഗ്രാജുവേഷൻ അല്ലെന്നും, അത് കമ്പ്യൂട്ടർ പഠനമാണെന്നും വിവരദോഷികളെ പറഞ്ഞു മനസ്സിലാക്കി, എം.സി.എ ഡിഗ്രി എടുത്ത ഞാൻ എന്റെ കുഗ്രാമത്തിലെ ആദ്യത്തെ ഐ.ടി ക്കാരനായി. താമസിയാതെ സാമാന്യം നല്ല ഒരു കമ്പനിയിൽ ജോലിക്കു കയറി. പതിനായിരം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങി, ബാംഗളൂരിലെ എം.ജി. റോഡും, ബ്രിഗേഡ് റോഡും, പബുകളും ഹരമാക്കി മാസങ്ങൾ നീക്കി. Y2K പോപ്പുലർ ആയ ആ കാലത്തായിരുന്നു പല കമ്പനികളും വളർച്ച തുടങ്ങിയത്. നൂറു പേരിൽ താഴെ ജീവനക്കാരുണ്ടായിരുന്ന എന്റെ കമ്പനി വളർന്നു വളർന്നു ആയിരത്തി അഞ്ഞൂറ് പേരായി മാസങ്ങൾക്കുള്ളിൽ. COBOL എന്ന വാക്കിന്റെ സ്പെല്ലിങ് അറിയാമെങ്കിൽ ജോലി ഉറപ്പാണെന്നായിരുന്നു അന്നത്തെ വേദവാക്യം. ജോലിക്കു പഞ്ഞമില്ലാതിരുന്ന ആ നല്ല നാളുകൾ ഇനി വരുമോ എന്തോ…
കൂടുതൽ ശമ്പളവും, അമേരിക്കൻ ട്രിപ്പും വാഗ്ദാനം ചെയ്യുന്ന ഓഫറുകൾ ബാംഗ്ലൂർ മുഴുവനും മാറ്റൊലി കൊണ്ട ആ ദിനങ്ങളിൽ, എന്റെ കമ്പനിയുടെ ലോബിയിൽ ഇന്റർവ്യൂ നടത്തി, പല കമ്പനികളും ആളുകളെ പൊക്കികൊണ്ടു പോയപ്പോൾ ഗേറ്റിനു പുറത്തൊരു ബോർഡ് പ്രത്യക്ഷപ്പെട്ടു, "Trespassers will be recruited". അങ്ങിനെ ലോബി ഇന്റർവ്യൂകൾ അവസാനിച്ചു, ഇന്റർവ്യൂവിന് പോകാൻ ലീവ് എടുക്കേണ്ട ഗതികേട് വന്നു. ലീവ് ആവശ്യപ്പെടുമ്പോൾ, "ഇന്ന് എവിടെയാ ഇന്റർവ്യൂ" എന്ന മാനേജരുടെ ചോദ്യം അസഹ്യമായി. തിങ്കൾ മുതൽ വെള്ളിവരെ ജീൻസും, ടി-ഷർട്ടും, ചെരിപ്പും ധരിച്ചു കമ്പനിയിൽ വരുന്ന പലരും ശനിയാഴ്ചകളിൽ ഫുൾകൈ ഷർട്ടും, ഡ്രസ്സ് പാന്റും, ലെതർ ഷൂസും, കഴുത്തിൽ ടൈയും കെട്ടി പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, കമ്പനികൾ ഇന്റർവ്യൂ എല്ലാം ശനിയാഴ്ചകളിലേക്കു മാറ്റിയെന്ന നഗ്നസത്യം.
കുറച്ചു നാളുകൾക്കുള്ളിൽ എന്റെ റൂംമേറ്റും ഒപ്പിച്ചു ഒരു ഷോർട് യു.എസ് ട്രിപ്പ്. മൂന്നു മാസത്തെ ട്രിപ്പ് കഴിഞ്ഞു വന്ന അവന്റെ വീരവാദങ്ങൾ കേട്ടപ്പോൾ എന്റെ മനസ്സിലും അമേരിക്കൻ സ്വപ്നം ഉണർന്നു. ഇന്റർവ്യൂകൾ അന്വേഷിച്ചു നടക്കുമ്പോൾ തേടിയ വള്ളി ഒന്ന് കാലിൽ ചുറ്റി. എന്റെ ടീമിനെ കമ്പനി അമേരിക്കയിലേക്ക് മാറ്റുന്നു. ആനന്ദലബ്ധിക്കിനി എന്ത് വേണം.
മാസങ്ങൾ കഴിഞ്ഞു H1B വിസ വന്നപ്പോൾ Van Huesen ഷോറൂമിൽ കയറി ഫോർമൽ പാന്റ്സ്, ഷർട്ട്, ഷൂസ്, ടൈ ഇത്യാദി സാമഗ്രികൾ പൈസ കടം വാങ്ങി പർച്ചേസ് നടത്തി. യുദ്ധത്തിന് പോകുന്നതിനു മുൻപ് യാത്ര പറയാൻ വന്ന പട്ടാളക്കാരനെ പോലെ ഞാനും നാട്ടിലെത്തി. യാത്രയൊക്കെ പറഞ്ഞു തലേന്ന് രാത്രി തന്നെ തിരുവനതപുരം എയർപോർട്ടിലേക്ക് പുറപ്പെട്ടു. രാവിലെ ആദ്യത്തെ ഇന്ത്യൻ എയർലൈൻസിൽ ബോംബക്ക്, പിന്നത്തെ യാത്ര ഡെൽറ്റ എയർലൈൻസിലും.
സെക്യൂരിറ്റി ചെക്ക് ഒക്കെ കഴിഞ്ഞപ്പോൾ ഒരു അതിബുദ്ധി തോന്നി, ഡ്രസ്സ് മാറ്റാൻ. ബാത്റൂമിൽ കയറി ടൈ കെട്ടി കോട്ടിട്ട്, ഫോർമൽ ആയി പുറത്തു വന്നപ്പോൾ ഒരു പരിഹാസപാത്രമായോ ഞാൻ എന്ന ചിന്ത മനസ്സിൽ വരാതിരുന്നില്ല. തുറിച്ചു നോക്കുന്നവരുടെ മനസ്സ് ഞാൻ മാനത്തു കണ്ടു, "അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും...".
ക്ഷീണം കൊണ്ട് പ്ലെയിനിൽ ഉറങ്ങിപ്പോയ ഞാൻ ലാൻഡിംഗ് സമയത്താണ് എണീറ്റത്. പ്ലെയിൻ നിന്നപ്പോൾ എല്ലാവരുടെയും കൂടെ പുറത്തിറങ്ങി. ബോംബെ എയർപോർട്ടിൽ, വാതിലിനടുത്തു നിൽക്കുന്ന ബി.എസ്.എഫ് സെക്യൂരിറ്റി ഗാർഡ് എല്ലാ യാത്രക്കാരുടെയും ബോർഡിങ് പാസ് വാങ്ങി നോക്കുന്നു. എന്റെ ഡ്രസ്സ് കണ്ടു അന്തം വിട്ട ഗാർഡ് എന്നോട് കുശലം ചോദിച്ചു, "ആപ് ബിസിനസ് കേലിയെ ആയാ ഹേ ക്യാ?". ഞാൻ മുറിഹിന്ദിയിൽ ഉത്തരം പറയാൻ ശ്രമിച്ചപ്പോൾ അദ്ദേഹം എന്നെ തടഞ്ഞു, "കുഴപ്പം ഇല്ല സർ, കണ്ണൂരിലാ എന്റെ വീട്, സാർ പൊയ്ക്കോ, നേരം വൈകണ്ട..", എന്റെ ബോർഡിങ് പാസ് നോക്കാത എന്നെ വിട്ടു. ഡൊമസ്റ്റിക് ടെർമിനലിൽ നിന്നും ഇന്റർനാഷണൽ ടെർമിനലിലേക്കുള്ള യാത്ര ദുരിതം പിടിച്ചതാണെന്നും, ടാക്സി ഡ്രൈവർമാരെല്ലാം കള്ളന്മാരാണെന്നും അറിഞ്ഞ ഞാൻ, കാറും കൊണ്ട് വരാൻ സുഹൃത്തിനോട് മുൻപേ പറഞ്ഞിരുന്നു. വർഷങ്ങൾക്കു ശേഷം കാണാൻ പോകുന്ന സുഹൃത്തിനു മനസ്സിൽ നന്ദി പറഞ്ഞു ബാഗ്ഗജ് ക്ലെയിമിലേക്കു നടന്നു.
ബാഗുകൾ ഓരോന്നായി വന്നു. അര മണിക്കൂർ കഴിഞ്ഞിട്ടും എന്റെ എന്റെ ബാഗ് വന്നില്ല. പാനിക്കറ്റാക്കടിച്ച ഞാൻ കൗണ്ടറിൽ പോയി ചൂടായി. സോറി പറഞ്ഞ ശേഷം എന്റെ ബോർഡിങ് പാസ് നോക്കിയ കൗണ്ടറിലെ സുന്ദരി എന്നോട് ഒരു ബെഞ്ചിലിരിക്കാൻ പറഞ്ഞു. അല്പം കഴിഞ്ഞപ്പോൾ കുറച്ചു പോലീസുകാരും, സെക്യൂരിറ്റി ഗാർഡുകളും എന്റെ അടുത്തേക്ക് ഓടി വന്നു. "സാർ എങ്ങോട്ടാ ടിക്കറ്റ് എടുത്തേ", കൂട്ടത്തിലുള്ള സബ് ഇൻസ്പെക്ടർ അലറി. "ബോംബെയിലേക്ക്", പേടിച്ചു വിറച്ചു ഞാൻ പറഞ്ഞു. "നിങ്ങളെന്തു പണിയാ ഈ കാണിച്ചേ, ഈ പ്ലെയിൻ മാങ്കളൂര് വഴിയാ ബോംബേക്കു പോണേ, ഇത് മാങ്കളൂര് എയർപോർട്ടാ. ഒരു പാസഞ്ചർ മിസ്സിംഗ് ആയതു കൊണ്ട്, പ്ലെയിൻ എടുക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ ഒരു മണിക്കൂർ ലേറ്റ് ആയി. നിങ്ങളൊക്കെ എജുക്കേറ്റഡ് അല്ലെ, ഇങ്ങിനെയാണോ പെരുമാറേണ്ടേ...".
സ്വന്തം ഗാത്രത്തിലൊളിച്ചു, തല താഴ്ത്തി അവരെ പിന്തുടർന്ന ഞാൻ, മുൻപ് കണ്ട സെക്യൂരിറ്റി ഗാർഡ് പറഞ്ഞത് കേട്ട് തകർന്നു പോയി. "കോട്ടും, സൂട്ടും, പാപ്പാസും ഇട്ട് കഴുത്തിൽ കോണകവും ചുറ്റി ഓരോന്നിറങ്ങിക്കോളും, മനുഷ്യന്റെ ജോലി കളയാൻ...."
Friday, January 20, 2023
ഒരു തീവണ്ടി യാത്ര
കോളേജിൽ പഠിക്കുമ്പോൾ എൻ.സി.സി ആയിരുന്നു എന്റെ വീക്നെസ്. ക്ളാസിൽ കയറേണ്ട, ഡിഗ്രിക്ക് ഗ്രേസ് മാർക്ക് കിട്ടും, സി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ എഞ്ചിനീറിങ്ങിനു റിസർവേഷൻ, ഗവണ്മെന്റ് ചിലവിൽ ഇന്ത്യ മുഴുവൻ തെണ്ടാനും പറ്റും. അത് മാത്രമോ പെൺപിള്ളേരുടെ ഗേൾസ് ഡിവിഷൻ ക്യാമ്പിൽ ഉണ്ടെങ്കിൽ സൊറ പറയാനും, ലൈൻ അടിക്കാനും ചാൻസ് കിട്ടും. മെൻസ് ഒൺലി കോളേജിലെ പെമ്പിള്ളേരില്ലാത്ത ബോറടി മാറ്റാൻ എൻ.സി.സി യിൽ ഞാൻ ചേർന്നത് ഇങ്ങിനെ പലതും സ്വപ്നം കണ്ടിട്ടായിരുന്നു.
കാത്തിരുന്നു കാത്തിരുന്നു അവസാനം കോളേജിനടുത്ത ഒരു എൽ.പി സ്കൂളിൽ ക്യാമ്പ് വന്നു. സ്വപ്നസാൽക്കാരത്തിന് കറങ്ങി നടന്ന ഞാൻ ചാടിക്കയറി പേര് കൊടുത്തു. സ്കൂളിലെ പൊടി നിറഞ്ഞ ക്ലാസ് മുറിയിൽ ഇന്ത്യൻ പട്ടാളം ഉപേക്ഷിച്ച കരിമ്പടവും, കാക്കി വസ്ത്രങ്ങളും, രണ്ടു കിലോ വരുന്ന ലാടം വെച്ച കറുത്ത ബൂട്സും, കീറിപ്പറഞ്ഞ കിറ്റ് ബാഗും അടുക്കി വെച്ച് പെമ്പിള്ളേരെയും സ്വപ്നം കണ്ടു കിടന്നു. അന്ന് രാത്രി ഉണക്കറൊട്ടിയും, ശർദ്ദിക്കുന്ന സബ്ജിയും കഴിച്ചു വെടി പറഞ്ഞിരിക്കുമ്പോൾ ആദ്യത്തെ പണി കിട്ടി. ക്യാമ്പിൽ പെൺപിള്ളേർ ഇല്ല, ആണുങ്ങൾ മാത്രം.
ഹവിൽദാറുടെ രാവിലത്തെ തെറികേട്ട് ഉണർന്ന ശേഷമുള്ള പി.ടി യും, ക്രോസ്കൺട്രിയും, റൈഫിൾ മാർച്ചും കഴിഞ്ഞപ്പോൾ അറിയാവുന്ന എല്ലാ ദൈവങ്ങളെയും തെറി വിളിച്ചു ഞാൻ. ബാക്കിയുള്ള ദിവസങ്ങളിൽ ഒരു കാര്യം ഞാൻ തീരുമാനിച്ചു. അടുത്ത ക്യാമ്പിൽ പെൺകുട്ടികൾ ഉണ്ടെങ്കിലേ ഞാൻ പോകൂ.
കോളേജിന് മുന്നിലൂടെ പോകുന്ന എല്ലാ സ്ത്രീ ജനങ്ങളേയും കമന്റടിച്ചും, സിനിമ കട്ട് ചെയ്തു ക്ലാസ്സിൽ കയറിയും മാസങ്ങൾ കഴിഞ്ഞപ്പോൾ അടുത്ത ക്യാംപിന്റെ നോട്ടിഫിക്കേഷൻ വന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഇന്ത്യൻ പട്ടാളവും, കേരള പോലീസും കണ്ടം ചെയ്ത പോയിന്റ് ത്രീ നോട്ട് ത്രീ റൈഫിൾ ഉപയോഗിച്ചുള്ള ഫൈറിങ് ട്രെയിനിങ് ക്യാമ്പ്. പല സംസ്ഥാനങ്ങളിൽ നിന്നുള്ള ബെറ്റാലിയനുകൾ മാത്രമല്ല, ഗേൾ ബെറ്റാലിയനും ഉണ്ടാകും. ആനന്ദലബ്ധിക്കിനി എന്ത് വേണം. ഞാനും എന്റെ പേര് കൊടുത്തു.
ക്യാമ്പ് തുടങ്ങുന്നതിനു മൂന്ന് ദിവസം മുൻപ് ഞങ്ങൾ കെ.കെ എക്സ്പ്രെസ്സിൽ യാത്ര തുടങ്ങി. ഒരു ബോഗി മുഴുവനും റിസേർവ് ചെയ്തിരുന്നു ഞങ്ങൾക്ക് വേണ്ടി. ബോഗിയിൽ ഫൈറിങ്ങിനുള്ള ത്രീ നോട്ട് ത്രീ റൈഫിളുകളും, കിറ്റ് ബാഗുകളും കയറ്റി, മാധവറാവു സിന്ധ്യ മകളുടെ കല്യാണത്തിന് വേണ്ടി പ്ലാറ്റഫോറം മുഴുവനും മാർബിൾ ഇട്ട ഗ്വാളിയോർ സ്റ്റേഷൻ മനസ്സിൽ കണ്ട് ഇരിക്കുമ്പോഴായിരുന്നു അടുത്ത പാര. രാത്രി റൈഫിളുകൾക്കു പാറാവു നിൽക്കാനുള്ള ലിസ്റ്റ്. എന്റെ സ്ലോട്ട് കണ്ടപ്പോൾ ഞാൻ തളർന്നു പോയി, രാത്രി പന്ത്രണ്ടു മുതൽ നാല് വരെ ഞാൻ. കൂടെയുള്ള ആളെ കണ്ടപ്പോൾ അലപം ആശ്വാസം തോന്നി, എന്റെ കോളേജിൽ നിന്നുള്ള ഗെഡി.
പന്ത്രണ്ടു മണിയായപ്പോൾ, ഉറങ്ങിക്കിടന്ന ഞങ്ങളെ, മുൻപ് പാറാവു നിന്നവർ വിളിച്ചുണർത്തി. എന്റെ ഡ്യൂട്ടി റൈഫിളിന്റെ അടുത്തും, ഗെടിയുടെ ഡ്യൂട്ടി ബോഗിയുടെ വാതിലിലും. കുറച്ചു കഴിഞ്ഞു ഏതോ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ പ്ലാറ്റ്ഫോർമിൽ ഇറങ്ങി കാപ്പി വാങ്ങിച്ചു. ചുറ്റുമുള്ള കാഴ്ച കണ്ടു നിർവൃതി പൂണ്ട ഞങ്ങൾ അകലെ ഒരു കളറ് കണ്ടു. കാണാൻ വലിയ മോശമില്ലാത്ത, കറുത്തു തുടുത്ത ഒരു സുന്ദരി. അവൾ ചിരിച്ചപ്പോൾ ഞങ്ങൾ കോരിത്തരിച്ചു. "അവളൊരു വെടിയാ അണ്ണാ, കാശുണ്ടെങ്കിൽ കാര്യം നടക്കും". ഗെഡിയുടെ എക്സ്പീരിയൻസ് കണ്ടപ്പോൾ ഞാൻ നമിച്ചു.
ട്രെയിൻ പുറപ്പെട്ടു. ഞാൻ റൈഫിളിനടത്തും , അവൻ വാതിലിന്റെ അടുത്തും പാറാവു തുടങ്ങി. മയങ്ങിപ്പോയ ഞാൻ അവന്റെ കാലൊച്ച കേട്ടെണീറ്റു. "അണ്ണാ, കയ്യിൽ കാശുണ്ടോ, ഒരഞ്ചു രൂപ കിട്ടിയാൽ നന്നായിരുന്നു". ഈ പാതിരാത്രിക്ക് ഇവനെന്തിനാ പൈസ ആവോ. പോക്കറ്റിൽ തപ്പിയപ്പോൾ അഞ്ചു രൂപ കിട്ടി, അവനു കൊടുത്തു. "എന്തിനാടാ നിനക്ക് പൈസ" സന്തോഷത്തോടെ നിൽക്കുന്ന അവനോടു ഞാൻ ചോദിച്ചു. "നമ്മൾ പ്ലാറ്റ്ഫോറത്തിൽ ഇറങ്ങിയപ്പോൾ കണ്ട ആ പെണ്ണില്ലേ, അവൾ ട്രെയിനിലുണ്ട്. ഇരുപത്തഞ്ചു രൂപ ഉണ്ടെങ്കിൽ കാര്യം നടക്കും, എന്റെ കയ്യിൽ ഇരുപതേ ഉള്ളു".
"മച്ചാനെ, ആരെങ്കിലും കണ്ടാൽ പണി പാളും, പിന്നെ ജീവിച്ചിട്ടു കാര്യമില്ല, ആത്മഹത്യ മാത്രമേ വഴിയുള്ളു". "അണ്ണാ അതിനല്ലേ ടോയ്ലറ്റ്, അതിനകത്തു കയറി കുറ്റിയിട്ടാൽ ആരറിയാനാ". അവന്റെ വാക്ക് കേട്ട ഞാൻ മനസ്സിൽ വിചാരിച്ചു, എന്തൊരു ധൈര്യം, ഇവൻ വെറും പുലിയല്ല, പുപ്പുലി തന്നെ. ഞാനൊക്കെ വെറുമൊരു പേടിത്തൊണ്ടൻ ശിശു. ഞാൻ അവനെ വീണ്ടും നമിച്ചു.
അവന്റെ ഭാഗ്യം കണ്ട് അസൂയയോടെ സ്വപ്നത്തിലാണ്ട എന്നെ ഉണർത്തിയത് ഗെഡിയുടെ കുലുക്കി വിളിയായിരുന്നു. വിയർപ്പിൽ കുളിച്ചു കിതച്ചു നിൽക്കുന്ന അവനെ കണ്ടപ്പോൾ എന്റെ മനസ്സ് പറഞ്ഞു, "പണിയൊക്കെ കഴിഞ്ഞു വന്നിരിക്കുന്നു ഗൊച്ചു ഗള്ളൻ, മിടു മിടുക്കൻ". കൂടുതൽ വാക്കുകൾ കണ്ടു പിടിക്കാനാകാതെ, മനസ്സ് കൊണ്ട് സാഷ്ടാംഗം നമസ്കരിച്ചു നിന്ന് പോയി ഞാൻ. എനിക്ക് സ്ഥലകാലബോധം വന്നപ്പോൾ ഒരു കാര്യം മനസ്സിലായി. അവന്റെ കിതപ്പും, വിയർപ്പും, വിളർച്ചയും, വിറയലും ഒക്കെ ഉദ്ധിഷ്ഠകാര്യത്തിനുള്ള ഉപകാരസ്മരണയല്ല. എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.
ആ പെണ്ണ് വാതിൽ തുറന്നു ചാടി ആത്മഹത്യ ചെയ്തോ എന്തോ. എന്റെ മനസ്സ് കാട് കയറി തുടങ്ങി. ഞാൻ അവനോടു പറഞ്ഞു, "നീ എന്ത് വന്നാലും പേടിക്കേണ്ട. അവള് ചാടി ആത്മഹത്യ ചെയ്തെങ്കിൽ നമ്മൾ രണ്ടു പേരും മാത്രമേ അറിയൂ. ഞാൻ ആരോടും പറയില്ല, എന്നെ നിനക്ക് വിശ്വസിക്കാം".
അല്പം കഴിഞ്ഞു വിറയലോക്കെ മാറി മനസ്സാന്നിധ്യം വീണ്ടെടുത്തപ്പോൾ അവൻ എന്റെ ചെവിയിൽ പറഞ്ഞു. "അണ്ണാ, ഞാൻ പല പെണ്ണുങ്ങളെയും എന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ട്. പക്ഷെ പുരുഷലിംഗമുള്ള പെണ്ണിനെ കാണുന്നത് ആദ്യമായിട്ടാ..."
Sunday, December 4, 2022
സാക്ഷരതയും ഞാനും
കോളേജിൽ പഠിക്കുമ്പോഴായിരുന്നു കേരളത്തിലെ സാക്ഷരതാ വിപ്ലവം. വയോജന വിദ്യാഭ്യാസ ക്ലാസ് എടുത്താൽ ഗുണങ്ങൾ വളരെയധികം. നാട്ടിൽ മാഷെന്ന പദവിയും, ഡിഗ്രിക്ക് ഗ്രേസ് മാർക്കും കിട്ടും. അത് മാത്രമോ, ക്ലാസിനു സപ്ലൈ ചെയ്ത നോട്ടുബുക്കുകളും,പേന പെൻസിൽ എന്നീ ഉപകരണങ്ങളും മുക്കി സ്വന്തം ആവശ്യത്തിനുപയോഗിക്കാം. വൈകീട്ട് ഏഴു മുതൽ എട്ടു വരെ ആഴ്ചയിൽ രണ്ടു ദിവസം ക്ലാസ്. ക്രിക്കറ്റ് കളിയും, അമ്പലപ്പറമ്പിലെ ആൽത്തറയിൽ ഇരുന്നുള്ള വായിൽ നോട്ടവും, കമന്റടിയും കഴിഞ്ഞു പതുക്കെ എത്തിയാൽ മതി ക്ലാസ് എടുക്കാൻ. സംഭവം ഉഗ്രൻ. അങ്ങിനെ ഞാനും "സൈൻ അപ്പ്" ചെയ്തു എന്റെ നാട്ടിലെ നിരക്ഷരകുക്ഷികളെ സാക്ഷരരാക്കാൻ.
തുടക്കം അതിഗംഭീരം, ആദ്യ ദിവസം ക്ലാസ്സിൽ ഞാൻ മാത്രം. അടുത്ത രണ്ടു ദിവസം കോളേജിൽ പോകാതെ ആളുകളെ ക്യാൻവാസ് ചെയ്യാൻ ഇറങ്ങി. എനിക്കും കിട്ടി അഞ്ചു പേരെ. വൈകീട്ട് നാമം ജപിക്കുന്ന രണ്ടു അമ്മൂമ്മാസും, വെള്ളമടി സ്ഥിരം തൊഴിലാക്കിയ മൂന്നു ആപ്പൂപ്പൻസും.
ഇന്ന് പഠിച്ചത് നാളെ മറക്കുന്ന അവരുടെ പഴംപുരാണവും, പ്രേമകഥകളും, പിറക്കാതെ പോയ പിള്ളേരും, രാമായണവും, തെറിയുമൊക്കെ കേട്ട് ക്ലാസ് തുടങ്ങി. ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും ആയി സമയം പോയതറിഞ്ഞില്ല. പഠനം നടന്നില്ലെങ്കിലും നോട്ടുബുക്കും, പേനകളും നിർബാധം എന്റെ കയ്യിലെത്തി.
വിഷുവും, മഴക്കാലവും ഓണവുമൊക്കെ കഴിഞ്ഞപ്പോൾ ശിഷ്യഗണം ഗണ്യമായി കുറഞ്ഞു.അവസാനം പാറു അമ്മൂമ്മയും ഞാനും മാത്രമായി ക്ലാസ്സിൽ. ഇടയ്ക്കിടെ ആ സ്റ്റുഡന്റും മുങ്ങും. മോളുടെ പ്രസവം എടുക്കലും, കൊച്ചുമോന്റെ വയറിളക്കവും പാറുഅമ്മൂമ്മ സ്ഥിരമാക്കാൻ തുടങ്ങിയപ്പോൾ എന്റ അതിമോഹങ്ങൾ പൊലിയാൻ തുടങ്ങി. അധ്യാപകനെ കരിവാരി തേക്കാൻ തുനിഞ്ഞിറങ്ങിയ പാറുഅമ്മൂമ്മ എനിക്ക് വെറും പാറു ആയി.
നൂറു ശതമാനം സാക്ഷരത സ്വപ്നം കണ്ടു നടന്ന ഞാൻ തകർന്നപ്പോൾ എനിക്കൊരു സാന്ത്വനം എന്ന പോലെ സിലബസ് മാറി. മലയാളം മുഴുവൻ പഠിപ്പിക്കേണ്ടെന്നും, സ്വന്തം പേരെഴുതാൻ കഴിഞ്ഞാൽ നൂറു ശതമാനം സാക്ഷരനാകാമെന്നുമുള്ള ഗവൺമെൻറ് ഉത്തരവ് കണ്ടപ്പോൾ ഞാൻ ലോട്ടറി അടിച്ചു. പാറുവിനെ പേരെഴുതാൻ പഠിപ്പിക്കലായി എന്റെ പിന്നത്തെ "ഹെർക്യൂലിയൻ ടാസ്ക്". മാസങ്ങൾ എടുത്തു സ്വന്തം പേരെഴുതാൻ പാറുവിനെ പഠിപ്പിച്ചു ഞാൻ. അവസാനം പരീക്ഷ വന്നു... "ദി മോമെന്റ്റ് ഓഫ് ട്രൂത്".
പരീക്ഷയെടുക്കാൻ വന്ന സൂപ്പർവൈസറെ കണ്ടു ഞാൻ ഞെട്ടി. ഒന്നാം ക്ലാസ്സിൽ പറയും തറയും എന്നെ പഠിപ്പിച്ച കൊമ്പൻമീശ, ജോർജ്മാഷ്. കളികഴിഞ്ഞു നേരം വൈകി ക്ലാസ്സിൽ എത്തിയപ്പോൾ ബെഞ്ചിൽ കയറ്റി നിർത്തിയതിയതിനും, പെരുക്കപ്പട്ടിക പഠിക്കാഞ്ഞതിനു പെൺപിള്ളേരുടെ ഇടക്കിരുത്തി നാണം കെടുത്തിയതിനും പകവീട്ടാൻ കിട്ടിയ സുവർണാവസരത്തിനു ഞാൻ റെഡിയായി.
"എന്നെ അക്ഷരം പഠിപ്പിച്ച മാഷാ വന്നിരിക്കുന്നെ. നന്നായി പരീക്ഷ എഴുതണേ", പാറുവിന്റെ ചെവിയിൽ ഞാൻ വേദമോദി. "എന്താ മാഷേ, എന്നെ വിശ്വാസം ഇല്ലാന്നുണ്ടോ. എനിക്കെന്റെ പേരെഴുതാൻ പഠിപ്പിച്ച മോനെ നാണം കെടുത്താൻ പറ്റോ". ആ ആത്മവിശ്വാസത്തിനു മുൻപിൽ ഞാൻ ഒരു "വെറും വിനയൻ" മാത്രമായി.
പരീക്ഷ കഴിഞ്ഞു പാറു പോയപ്പോൾ ഗ്രേസ് മാർക്കും സ്വപ്നം കണ്ടു നിന്ന എന്നെ ജോർജ് മാഷ് അകത്തേക്കു വിളിച്ചു. "ശിഷ്യയെ നന്നായി പഠിപ്പിച്ചിട്ടുണ്ടല്ലോ. ഗുരുദക്ഷിണ അസാധ്യം", പാറുവിന്റെ ഉത്തരക്കടലാസ് നീട്ടി മാഷ് ചിരിച്ചു. കടലാസു വായിച്ച് ബോധം കെടാൻ പോയ എന്നെ മാഷ് താങ്ങി. വലിയ അക്ഷരത്തിൽ വൃത്തിയായി പാറു അമ്മൂമ്മ പേരെഴുതിയിരിക്കുന്നു.... പീറ.
