Saturday, February 18, 2023

നൊമ്പരങ്ങളും ഞാനും

സി.ബി.എസ്.ഇ സ്കൂളിൽ പന്ത്രണ്ടു വരെ പഠിച്ച ഞാൻ ടൗണിലെ അറിയപ്പെടുന്ന കോളേജിൽ ബി.എസ്.സി ഫിസിക്സിന് ചേർന്നപ്പോൾ സ്വല്പം അഭിമാനം തോന്നിയതിനു കാരണമുണ്ട്, എനിക്ക് അറിയാവുന്ന പലർക്കും അഡ്മിഷൻ കിട്ടിയിരുന്നില്ല ആ കോളേജിൽ. കോളേജ് നല്ലതായിരുന്നെങ്കിലും ഒരു പെൺകുട്ടി പോലുമില്ലാതിരുന്നത് കുറച്ചൊന്നുമല്ല എന്നെ വിഷമിപ്പിച്ചത്.

ഒരു ദിവസം, ക്ലാസ്സിൽ പിൻബെഞ്ചിലിരിന്നു ബോറടിച്ചപ്പോൾ ഞാൻ നോട്ട് എഴുതാൻ തുടങ്ങി. എന്തോ കുത്തിക്കുറിക്കുന്നതു കണ്ടു കലി കയറിയ സാർ നോട്ട് നോക്കിയപ്പോൾ ഗെറ്റ് ഔട്ട് അടിക്കുന്നതിനു പകരം എന്റെ നോട്ടിനെക്കുറിച്ചു വാചാലനായി. ഇംഗ്ലീഷ്, മലയാളം കയ്യെഴുത്തു മത്സരങ്ങളിൽ ഒന്നാം സ്ഥാനം കിട്ടിയത് ഞാൻ പറയാനും പോയില്ല.

ക്ലാസ് കഴിഞ്ഞപ്പോൾ പലരും വന്നും പരിചയപ്പെട്ടു. ആരും അറിയാതിരുന്ന ഞാൻ പതുക്കെ പോപ്പുലർ ആയി എന്ന് മാത്രമല്ല, ഒരു കോളേജ് സൗഹൃദം അവിടെ മൊട്ടിടാൻ തുടങ്ങി. മാമൻ സതീഷും, തൃക്കൂർ രമേഷും, കൂർക്കഞ്ചേരി ഉണ്ണിയും, ഏങ്ങണ്ടിയൂർ സുരേഷും, മുല്ലശ്ശേരി ഷാന്റൊയുമൊക്കെ എന്റെ കൂട്ടുകാരായി. പിന്നീടെപ്പോഴോ ഒരാളുകൂടെ ഞങ്ങളുടെ ഗ്രൂപ്പിൽ ചേർന്നു, എല്ലാ ക്ലാസ്സിലും മുൻബെഞ്ചിലിരുന്ന് ശ്രദ്ധയോടെ പഠിക്കുന്ന രാംകുമാർ, ഞങ്ങളുടെ രാമു.

രാമുവിനെക്കുറിച്ചു പറയാൻ കുറെയുണ്ട്. പഠിത്തത്തിൽ ഒന്നാമൻ,ഞങ്ങളെപ്പോലെ തെണ്ടിത്തരങ്ങൾ ഒന്നും കാണിക്കാത്ത മിതഭാഷി, എപ്പോഴും പുഞ്ചിരിച്ചു നടക്കുന്ന വെളുത്ത സുന്ദരൻ. ഞങ്ങൾ തൃശ്ശൂർക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ചെമ്പു ചുള്ളൻ.
ആയിടക്കാണ് ടൗണിൽ സതീഷിന്റെ വീടുപണി തുടങ്ങിയത്. കോൺക്രീറ്റ് നനക്കാൻ എന്നും ഉച്ചയൂണ് മുടക്കി ഞങ്ങൾ പോകും. മിക്കവാറും സതീഷിന്റെ സൈക്കിളിൽ ഡബിളോ, ട്രിപ്പിളോ വെച്ചായിരിക്കും യാത്ര. ഒരു ദിവസം ആ സൈക്കിൾ കേടു വന്നപ്പോൾ ഷാന്റോ ഉണ്ണിയുടെ സൈക്കിൾ എടുത്തു. റെയിൽവേ ട്രാക്കിൽ സർക്കസ്സ് കളിച്ച് ഫോർക്ക് ഒടിച്ച ഷാന്റോ ആരോടും പറയാതെ സൈക്കിൾ തിരികെ വെച്ചു. ഫോർക്ക് ഒടിച്ചത് ഷാന്റോ ആണെങ്കിലും, ആ പാവം കൂർക്കഞ്ചേരിക്കാരനൊരു പേര് വീണു, "ഫോർക്ക് ഉണ്ണി".

പിറ്റേ ദിവസം നനക്കാൻ പോകാൻ സൈക്കിൾ അന്വേഷിച്ച്‌ നടന്ന ഞങ്ങളോട് രാമു പറഞ്ഞു, "എന്റെ വീടിനു മുൻപിൽ ഒരു സൈക്കിൾ കടയുണ്ട്. ചെറുപ്പം മുതൽ എനിക്ക് ജോൺസേട്ടനെ അറിയാം. ഞാൻ പറഞ്ഞാൽ വാടക കുറച്ചു സൈക്കിൾ കിട്ടും". അന്ന് മുതൽ ജോൺസേട്ടൻ ഞങ്ങളുടെ സൈക്കിൾ കൺസൾട്ടന്റായി എന്ന് മാത്രമല്ല സൈക്കിൾ തിരിച്ചു കൊടുക്കാൻ ചെല്ലുമ്പോഴൊക്കെ ജോൺസേട്ടന്റെയടുത്തു കത്തി വെക്കുക പതിവായി.

ഒരു ദിവസം രാമുവിന്റെ അച്ഛനെയും, അമ്മയെയും ഞങ്ങൾ പരിചയപ്പെട്ടു. മകന്റെ കൂട്ടുകാരെ അകത്തു വിളിച്ച് ചായയും, പലഹാരങ്ങളും നൽകി സൽക്കരിക്കാൻ ഒരു മടിയും കാണിച്ചില്ല അവർ. വളരെ പെട്ടെന്ന് ഞങ്ങൾ അവരുമായി അടുത്തു. വീടിന്റെ താക്കോൽ ഇരിക്കുന്ന സ്ഥലം പോലും പറഞ്ഞുതന്ന്, രാമു വീട്ടിൽ ഇല്ലെങ്കിലും വന്നോളാൻ അവർ പറഞ്ഞപ്പോൾ രാമുവിനോടല്പം അസൂയ തോന്നാതിരുന്നില്ല, ഇത്രയും നല്ല അച്ഛനെയും, അമ്മയെയും അവനു കിട്ടിയതിൽ. അവർ ജോലിക്കു പോകുന്നതിനു മുൻപ് ഉണ്ടാക്കുന്ന കറികൾ ആ അമ്മ ഞങ്ങൾക്ക് ഊണിനു എടുത്തുവെക്കും. വീട്ടിൽ നിന്ന് കൊണ്ട് വരുന്ന പൊതിച്ചോറിന്റെ കൂടെ സാമ്പാറും, ഉപ്പേരിയുമൊക്കെ ആയപ്പോൾ "വെറും ചോറ്" ഞങ്ങൾക്ക് സദ്യകളായി മാറി.

ദിവസങ്ങൾ കഴിഞ്ഞു ഇലക്ഷൻ വന്നു, ക്യാമ്പസ് ഉണർന്നു. "കെ.എസ്.യു" വിന്റെ നീലക്കൊടിയും, "എസ്.എഫ്.ഐ" യുടെ ശുക്ലപതാകയും ദേഹത്ത് മുട്ടി നടക്കാൻ പറ്റാതായപ്പോൾ വേറൊരു പാർട്ടി പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ ഭാഷയിൽ അട, ബോണ്ട, വട, പുട്ട് - "എ.ബി.വി.പി".

ക്ലാസ്സിലെ വിശ്വൻ എസ്.എഫ്.ഐ ബാനറിൽ നിന്നപ്പോൾ, സ്ഥാനാർത്ഥികളെ കിട്ടാതിരുന്ന എ.ബി.വി.പി രാമുവിനെ ചൂണ്ടയിട്ട് പിടിച്ചു. പുതിയ ജീൻസ്‌ പാന്റും, ടി-ഷർട്ടും, ചെത്ത് "ആക്ഷൻ" ഷൂസും കൈക്കൂലി കിട്ടിയത്രേ രാമുവിന്. രണ്ടു സ്ഥാനാർഥികളെയും ഒരുപോലെ സപ്പോർട്ട് ചെയ്യാൻ, പാർട്ടിയൊക്കെ മറന്ന് ഞങ്ങൾ വോട്ടു പിടിക്കാനിറങ്ങി. വടക്കേ ഇന്ത്യയിൽ പഠിച്ച വിശ്വൻ മലയാളവും, ഹിന്ദിയും, ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യും. പോരാത്തതിന്, ഒഴിവു കിട്ടുമ്പോൾ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ അനൗൺസറായി ജോലിയും. അവനു മുന്നിൽ രാമു വെറുമൊരു നോക്കുകുത്തിയാകും എന്നറിഞ്ഞിട്ടും അവന് ഞങ്ങൾ ആത്മവിശ്വാസം പകർന്നുകൊണ്ടേയിരുന്നു.

യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ പങ്കെടുക്കാനുള്ള ധൈര്യമൊന്നും ഇല്ലാതിരുന്ന രാമു വെറുമൊരു കാഴ്ചക്കാരനായി. "വിൻഡ് ഇൻസ്ട്രുമെന്റസ്" വിഭാഗത്തിൽ "വാഷിംഗ് പൌഡർ നിർമ..." എന്ന പരസ്യഗാനം, "മൗത് ഓർഗനിൽ" വായിച്ച വിശ്വൻ രണ്ടാം സ്ഥാനം നേടി. യൂണിവേഴ്സിറ്റി സമ്മാനം നേടിയ വിശ്വനെ ക്യാമ്പസ് തലയിലേറ്റി. പിന്നീടാണറിഞ്ഞത്, ആ വിഭാഗത്തിൽ വിശ്വൻ അടക്കം ആകെ രണ്ടു പേരെ മത്സരിച്ചുള്ളു എന്ന്.

ഇലക്ഷൻ കഴിഞ്ഞപ്പോൾ വിശ്വൻ ജയിച്ചു, രാമു എട്ടു നില അമിട്ട് പൊട്ടുന്നപോലെ പൊട്ടി. വിജയം ആഘോഷിക്കാൻ, ഉച്ചക്കവധി ചോദിച്ചു ചെന്ന രണ്ടു പേരെയും, ഡിപ്പാർട്മെൻറ്റ് ഹെഡ് നടരാജൻ മാഷ് അടുത്ത് വിളിച്ചു പറഞ്ഞു, "ഹാപ്പി കണ്ടോളൻസ്‌".

അവസാന വർഷത്തിലെ സമരങ്ങളും, ക്ലാസ്സുകളും, വിനോദയാത്രയും, സ്റ്റഡി ലീവും, പരീക്ഷയുമൊക്കെ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഗ്രൂപ്പിൽ ആളു കുറഞ്ഞു. മാമൻ സതീഷ് ബി.എഡ് നു ചേർന്നു, ജോണിയും, രമേഷും മെഡിക്കൽ റെപ്പുകൾ ആയി, ഷാന്റോ ജോലി തെണ്ടാൻ ഡൽഹിക്കു പോയി.

ഞാനും, അക്കോഷേട്ടനും, ഫോർക്കുമൊക്കെ ജീവിതം ചോദ്യചിഹ്നമാക്കാൻ തുടങ്ങിയപ്പോൾ ഡിഗ്രി റിസൾട്ട് വന്നു, കോളേജിൽ രാമു ഒന്നാമൻ. കേരളത്തിൽ ആകെ പന്ത്രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്ന എം.എസ്.സി ഇലക്ട്രോണിക്സിനു ചേർന്നു രാമു.
ഞങ്ങൾ കുറച്ചു പേർ എം.സി.എ എൻട്രൻസിന് കംബൈൻഡ് സ്റ്റഡി തുടങ്ങി. രാമുവും കൂടി ഇടക്കൊക്കെ. എൻട്രൻസ് റിസൾട്ട് വന്നതും രാമുവാണ് ഓടിയെത്തി ഞങ്ങളെ അറിയിച്ചത്. "എനിക്ക് കുറച്ചു കൂടെ പ്രിപ്പയർ ചെയ്യാമായിരുന്നു. ഇനി അടുത്ത വർഷം നോക്കണം. ഈ എം.എസ്.സി യൊക്കെ പഠിച്ചിട്ടെന്തു ചെയ്യാനാ. ഉണ്ണിയും, അശോകനും നോട്ടുകൾ കളയാതെ എനിക്ക് തരണം. ആ നോട്ട്സ് പഠിച്ചാൽ എനിക്കുറപ്പാ, നിങ്ങളെപ്പോലെ എനിക്കും കിട്ടും". "അതിനെന്താ രാമു, നോട്ടുകൾ ഞാൻ എത്തിക്കാം. ഞാനും അശോകനും നിന്നെ സഹായിക്കുകയും ചെയ്യാം. നീ വിഷമിക്കേണ്ടടാ, അടുത്ത വർഷം നിനക്ക് ഉറപ്പാ". അവന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടില്ലെന്നു നടിച്ചു.

ആഴ്ചകൾക്കു ശേഷം നോട്ടെല്ലാം എടുത്ത് രാമുവിനെ കാണാൻ ചെന്ന ഞാൻ അവന്റെ വീട് അടച്ചു കിടക്കുന്നതു കണ്ടു. "രാമു വീട്ടിൽ ഇല്ലേ ജോൺസേട്ടാ..", ഞാൻ ചോദിച്ചു. "അവനവിടെത്തന്നെ ഉണ്ടെടാ. കഴിഞ്ഞ ഒരാഴ്ചയായി ഫുൾടൈം പഠിപ്പാണ്. എം.എസ്.സി ഒന്നാം വർഷപ്പരീക്ഷക്കു നന്നായി പഠിക്കണ്ടെ. ആര് വന്നാലും ശല്യപ്പെടുത്തേണ്ടെന്ന് കഴിഞ്ഞ ആഴ്ചയേ പറഞ്ഞിരുന്നു". ജോൺസേട്ടന്റെ അടുത്ത് നിന്നൊരു ബീഡിയും വാങ്ങി ഞാൻ രാമുവിന്റെ പഴയ കഥകൾ പങ്കിട്ടു. ഏകദേശം ഒരു മണിയായപ്പോൾ നോട്ടെല്ലാം രാമുവിന് കൊടുക്കാൻ ഏൽപ്പിച്ച ശേഷം, ജോൺസേട്ടനോട് യാത്ര പറഞ്ഞ് ഞാൻ ടൗണിലേക്ക് ഇറങ്ങി.

ടൗണിൽ കറങ്ങി നടന്ന് ഏകദേശം മൂന്ന് മണിയായപ്പോൾ സതീഷിന്റെ വീട്ടിലേക്കു നീങ്ങി. വഴിക്കു വെച്ച് തന്നെ സതീഷ് സൈക്കിളിൽ പാഞ്ഞു വരുന്നത് കണ്ടു. "ടാ.. നീ അറിഞ്ഞോ, നമ്മുടെ രാമു വിഷം കഴിച്ചു മരിച്ചു, ഇന്ന് ഉച്ചക്ക് ഏകദേശം 1:30 നായിരുക്കും മരിച്ചതെന്നാ ഡോക്ടർ പറയുന്നേ. ഏകദേശം രണ്ടു മണിക്ക് കൂട്ടുകാരുടെ നോട്ടുബുക്ക് കൊടുക്കാൻ ചെന്ന ജോൺസേട്ടനാ കണ്ടേ. അവന്റെ അമ്മയും, അവനിഷ്ടമുള്ള ആ പെൺകുട്ടിയും ന്യൂസ് അറിഞ്ഞപ്പോൾ തന്നെ ബോധം കെട്ട് വീണതാ. ഇതുവരെയും എണീറ്റിട്ടില്ലെന്നാ കേട്ടത്. എന്നാലും എന്റെ ഉണ്ണി, അതും രാമു... ഞാൻ എന്ത് പറയാനാ... അവനെന്തിന്റെ കുറവായിരുന്നു". പിന്നെ പറഞ്ഞോതൊന്നും ഞാൻ കേട്ടില്ല, വീഴാതിരിക്കാൻ സതീഷിന്റെ സൈക്കിളിൽ ഞാൻ മുറുക്കെ പിടിച്ചു.

മരവിപ്പ് തീർന്നപ്പോൾ ഞാൻ എന്റെ വീട്ടിലേക്കു പോന്നു. ആരോടും ഒന്നും പറയാതെ മുറിയിൽ കയറി മണിക്കൂറുകളോളം ഉറങ്ങി. "എന്തൊരു ഉറക്കാടാ ഇത്, നീ രാത്രി കാക്കാൻ പോയോ. ഇങ്ങനെയുണ്ടോ ഒരു പകലുറക്കം". അമ്മൂമ്മയുടെ വാക്കുകൾ കേട്ട്, എപ്പോഴോ ഞാൻ ഉണർന്നു.

പിന്നെ ഞാൻ രാമുവിന്റെ വീട്ടിൽ പോയിട്ടില്ല. ആ അമ്മയെയും, അച്ഛനെയും അഭിമുകീകരിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷേ ആ മരണം എന്നെ മാറ്റി, ആദ്യമായി രാമുവിനോടെനിക്ക് വെറുപ്പ് തോന്നി. വെറുപ്പ് വളർന്നു വളർന്ന് ആത്മഹത്യ ചെയ്യുന്നവരോട് പുച്ഛവും, പരിഹാസവും തോന്ന്നിത്തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ എല്ലാത്തിനും കാരണം രാമു മാത്രമായി.

മുപ്പതു വർഷമായി രാമു മരിച്ചിട്ട്, അവനെ വെറുക്കാൻ തുടങ്ങിയിട്ടും. ഈയടുത്ത് എന്റെ ജീവിതത്തിൽ വേറൊരു സംഭവം നടന്നു, എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും, ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു, അപ്പോൾ മാത്രമേ ഞാൻ ആത്മഹത്യയെക്കുറിച്ച് പഠിച്ചുള്ളൂ, തെറാപ്പിയും, സി.ബി.ടി യും, ഡി.ബി.ടി യും ചെയ്ത് സൈക്യട്രിസ്റ്റുകളെ കണ്ടു തുടങ്ങിയപ്പോൾ എനിക്കൊന്നു മനസ്സിലായി... "ഡിപ്രെഷൻ" എന്ന മഹാരോഗത്തിന്റെ അവസാന സ്റ്റേജ് ആണ് ആത്മഹത്യ. ആരും സ്വബോധത്തോടെ അത് ചെയ്യില്ല. എന്നാൽ സമയമായാൽ അത് തടുക്കാൻ സ്വയം കഴിയുകയും ഇല്ല. ഇവർ സഹായം ലഭിച്ചാൽ മാത്രമേ രക്ഷപ്പെടൂ. "ഇമ്പൾസീവ്നെസ്" എന്ന വാക്കിനു ഇത്രയും ആഴമുണ്ടെന്നു മനസ്സിലാക്കാൻ മുപ്പതു വർഷം എടുത്തു ഞാൻ.

ആത്മഹത്യയെന്ന വാക്കു കേൾക്കുമ്പോൾ രാമുവിനെ വെറുത്തിരുന്ന ഞാനിപ്പോൾ എന്നോട് സഹതപിക്കുന്നു. അന്നു അവന്റെ വീട്ടിൽ ഞാൻ കയറിയിരുന്നു എങ്കിൽ, ഒരു പക്ഷെ ഞങ്ങളുടെ രാമു ഇന്നും ജീവനോടെ ഇരുന്നേനെ.

--------
നിങ്ങളോ, നിങ്ങൾക്കറിയാവുന്നവരോ മാനസികമായി അസ്വസ്ഥകൾ അനുഭവിക്കുന്നുവെങ്കിൽ സഹായം എത്തിച്ചു കൊടുക്കു. നമ്മൾ ഇന്ത്യക്കാർക്ക് "മെന്റൽ" എന്ന വാക്ക് ഭ്രാന്തിന്റെ പര്യായമാണ്. എല്ലാ മാനസിക അസുഖങ്ങളും ഭ്രാന്ത് അല്ലെന്നും, ഏറിയ പങ്കും ചികിൽസിച്ചു ഭേദമാക്കാമെന്നും നമ്മളോരോരുത്തരും മനസ്സിലാക്കണം. ഇവിടെ "ജഡ്ജ്മെന്റൽ" ആകാതെ സഹായം നൽകുക. ഇതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ കഥയെഴുതാൻ ഞാനിന്നുണ്ടാകുമോ എന്തോ...

3 comments:

Harsha said...

Hatred is a sort of defenceless mechanism to protect ourselves from pain. Very sad.

Bijo said...

Unni it's superb. Like I said before, you have a god given flair. Keep writing.

Meena said...

Unni
Touching stories. Keep writing, keep sharing.