Thursday, February 9, 2023

ആദ്യത്തെ അമേരിക്ക ട്രിപ്പ്

 ഡിഗ്രിക്ക് ശേഷം ജോലി അലഞ്ഞു തേരാ പാരാ നടക്കുമ്പോഴായിരുന്നു ..എസ് തലയ്ക്കു കയറിയത്. കോമ്പറ്റിഷൻ സക്‌സസ് മാസികകൾ വായിച്ചു തുടങ്ങിയപ്പോൾ അത് മിക്കവാറും വ്യാമോഹം മാത്രമാണെന്ന് മനസ്സിലായി. പിന്നെ യു.പി.എസ്.സി യും, പി.എസ്.സി യും മാത്രമായി മോഹം. അതിനു പഠിക്കാൻ ടൗണിലെ ഒരു അക്കാഡമിയിൽ ചേർന്നു. കോഴ്സ് കഴിഞ്ഞപ്പോൾ അവരെനിക്ക് ജോലി ഓഫർ ചെയ്തു. അങ്ങിനെ മാസം അഞ്ഞൂറ് രൂപ സമ്പാദിക്കുന്ന ഒരു ജോലിക്കാരനായി മാറി ഞാൻ.

ചായക്ക്‌ അമ്പതു പൈസയും, മിനിമം ബസ് ചാർജ് എഴുപത്തഞ്ചു പൈസയും ഉണ്ടായിരുന്ന കാലഘട്ടത്തിലെ മാസശമ്പളം എന്റെ തലക്കനം അല്പസ്വല്പം കൂട്ടി എന്ന് പറഞ്ഞാൽ അതിശയോക്തി ഒന്നുമില്ല. അക്കാഡമിയിൽ മാഷായ ഞാൻ, കാണാൻ കൊള്ളാവുന്ന സ്റ്റുഡന്റ്സിനെ സ്വപ്നം കണ്ടു നടന്നു. ആയിടക്കാണ് കമ്പ്യൂട്ടർ ജോലികളെക്കുറിച്ചു അറിഞ്ഞത്. മാസം പതിനായിരമോ അതിൽ കൂടുതലോ ശമ്പളം കിട്ടാൻ കമ്പ്യൂട്ടർ പഠിക്കാൻ തീരുമാനിച്ചു. എൻ...ടി ആയിരുന്നു ടൗണിലെ ഏറ്റവും നല്ല ട്രെയിനിങ് സെന്റർ. അവിടെ ചെന്നപ്പോൾ അറിഞ്ഞു… wordstar ഉം, lotus ഉം മാത്രം പഠിക്കാൻ ആയിരങ്ങൾ ചിലവാക്കണം. അത്രയും ചിലവാക്കണമെങ്കിൽ കക്കാൻ പോകേണ്ടി വരുമെന്ന അച്ഛന്റെ വാക്കുകൾക്കു ഉത്തരമെന്നോണം, എപ്പോഴെങ്കിലും കമ്പ്യൂട്ടർ പഠിക്കുമ്പോൾ ടൈപ്പിംഗ് സ്പീഡ് കൂടാൻ അടുത്തുള്ള ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിട്യൂട്ടിൽ ചേർന്നു. ഇൻസ്റ്റിട്യൂട്ടിലെ പ്രേമകഥകൾ കേട്ട്, ലൈൻ അടിക്കാൻ അവസരം കാത്തിരിക്കുമ്പോഴായിരുന്നു കമ്പ്യൂട്ടർ പഠിക്കാൻ ഏറ്റവും നല്ലതു എഞ്ചിനീയറിംഗ് കോഴ്സ് ആണെന്നും, പക്ഷെ ഡിഗ്രി കഴിഞ്ഞവർക്ക് നല്ലതു എം.സി. ആണെന്നുമുള്ള പുതിയ ന്യൂസ് അറിഞ്ഞത്. എല്ലാം നിർത്തി വെച്ച് ഞാൻ എം.സി. എൻട്രസ് പരീക്ഷക്ക് പ്രിപ്പറേഷൻ തുടങ്ങി.


എം.സി. കോഴ്സ് സി. (ചാർട്ടേർഡ് അക്കൗണ്ടന്റ്) യുടെ പോസ്റ്റ് ഗ്രാജുവേഷൻ അല്ലെന്നും, അത് കമ്പ്യൂട്ടർ പഠനമാണെന്നും വിവരദോഷികളെ പറഞ്ഞു മനസ്സിലാക്കി, എം.സി. ഡിഗ്രി എടുത്ത ഞാൻ എന്റെ കുഗ്രാമത്തിലെ ആദ്യത്തെ .ടി ക്കാരനായി. താമസിയാതെ സാമാന്യം നല്ല ഒരു കമ്പനിയിൽ ജോലിക്കു കയറി. പതിനായിരം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങി, ബാംഗളൂരിലെ എം.ജി. റോഡും, ബ്രിഗേഡ് റോഡും, പബുകളും ഹരമാക്കി മാസങ്ങൾ നീക്കി.  Y2K പോപ്പുലർ ആയ കാലത്തായിരുന്നു പല കമ്പനികളും വളർച്ച തുടങ്ങിയത്. നൂറു പേരിൽ താഴെ ജീവനക്കാരുണ്ടായിരുന്ന എന്റെ കമ്പനി വളർന്നു വളർന്നു ആയിരത്തി അഞ്ഞൂറ് പേരായി മാസങ്ങൾക്കുള്ളിൽ. COBOL എന്ന വാക്കിന്റെ സ്പെല്ലിങ് അറിയാമെങ്കിൽ ജോലി ഉറപ്പാണെന്നായിരുന്നു അന്നത്തെ വേദവാക്യം. ജോലിക്കു പഞ്ഞമില്ലാതിരുന്ന നല്ല നാളുകൾ ഇനി വരുമോ എന്തോ


കൂടുതൽ ശമ്പളവും, അമേരിക്കൻ ട്രിപ്പും വാഗ്ദാനം ചെയ്യുന്ന ഓഫറുകൾ ബാംഗ്ലൂർ മുഴുവനും മാറ്റൊലി കൊണ്ട ആ ദിനങ്ങളിൽ, എന്റെ കമ്പനിയുടെ ലോബിയിൽ ഇന്റർവ്യൂ നടത്തി, പല കമ്പനികളും ആളുകളെ പൊക്കികൊണ്ടു പോയപ്പോൾ ഗേറ്റിനു പുറത്തൊരു ബോർഡ് പ്രത്യക്ഷപ്പെട്ടു, "Trespassers will be recruited". അങ്ങിനെ ലോബി ഇന്റർവ്യൂകൾ അവസാനിച്ചു, ഇന്റർവ്യൂവിന് പോകാൻ ലീവ് എടുക്കേണ്ട ഗതികേട് വന്നു. ലീവ് ആവശ്യപ്പെടുമ്പോൾ, "ഇന്ന് എവിടെയാ ഇന്റർവ്യൂ" എന്ന മാനേജരുടെ ചോദ്യം അസഹ്യമായിതിങ്കൾ മുതൽ വെള്ളിവരെ ജീൻസും, ടി-ഷർട്ടും, ചെരിപ്പും ധരിച്ചു കമ്പനിയിൽ വരുന്ന പലരും ശനിയാഴ്ചകളിൽ ഫുൾകൈ ഷർട്ടും, ഡ്രസ്സ് പാന്റും, ലെതർ ഷൂസും, കഴുത്തിൽ ടൈയും കെട്ടി പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, കമ്പനികൾ ഇന്റർവ്യൂ എല്ലാം ശനിയാഴ്ചകളിലേക്കു മാറ്റിയെന്ന നഗ്നസത്യം


കുറച്ചു നാളുകൾക്കുള്ളിൽ എന്റെ റൂംമേറ്റും ഒപ്പിച്ചു ഒരു ഷോർട് യു.എസ് ട്രിപ്പ്. മൂന്നു മാസത്തെ ട്രിപ്പ് കഴിഞ്ഞു വന്ന അവന്റെ വീരവാദങ്ങൾ കേട്ടപ്പോൾ എന്റെ മനസ്സിലും അമേരിക്കൻ സ്വപ്നം ഉണർന്നു. ഇന്റർവ്യൂകൾ അന്വേഷിച്ചു നടക്കുമ്പോൾ തേടിയ വള്ളി ഒന്ന് കാലിൽ ചുറ്റി. എന്റെ ടീമിനെ കമ്പനി അമേരിക്കയിലേക്ക് മാറ്റുന്നു. ആനന്ദലബ്‌ധിക്കിനി എന്ത് വേണം.


മാസങ്ങൾ കഴിഞ്ഞു H1B വിസ വന്നപ്പോൾ Van Huesen ഷോറൂമിൽ കയറി ഫോർമൽ പാന്റ്സ്, ഷർട്ട്, ഷൂസ്, ടൈ ഇത്യാദി സാമഗ്രികൾ പൈസ കടം വാങ്ങി പർച്ചേസ് നടത്തി. യുദ്ധത്തിന് പോകുന്നതിനു മുൻപ് യാത്ര പറയാൻ വന്ന പട്ടാളക്കാരനെ പോലെ ഞാനും നാട്ടിലെത്തി. യാത്രയൊക്കെ പറഞ്ഞു തലേന്ന് രാത്രി തന്നെ തിരുവനതപുരം എയർപോർട്ടിലേക്ക് പുറപ്പെട്ടു. രാവിലെ ആദ്യത്തെ ഇന്ത്യൻ എയർലൈൻസിൽ  ബോംബക്ക്, പിന്നത്തെ യാത്ര ഡെൽറ്റ എയർലൈൻസിലും.


സെക്യൂരിറ്റി ചെക്ക് ഒക്കെ കഴിഞ്ഞപ്പോൾ ഒരു അതിബുദ്ധി തോന്നി, ഡ്രസ്സ് മാറ്റാൻ. ബാത്റൂമിൽ കയറി ടൈ കെട്ടി കോട്ടിട്ട്, ഫോർമൽ ആയി പുറത്തു വന്നപ്പോൾ ഒരു പരിഹാസപാത്രമായോ ഞാൻ എന്ന ചിന്ത മനസ്സിൽ വരാതിരുന്നില്ല. തുറിച്ചു നോക്കുന്നവരുടെ മനസ്സ് ഞാൻ മാനത്തു കണ്ടു, "അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും...".


ക്ഷീണം കൊണ്ട് പ്ലെയിനിൽ ഉറങ്ങിപ്പോയ ഞാൻ ലാൻഡിംഗ് സമയത്താണ് എണീറ്റത്. പ്ലെയിൻ നിന്നപ്പോൾ എല്ലാവരുടെയും കൂടെ പുറത്തിറങ്ങി. ബോംബെ എയർപോർട്ടിൽ, വാതിലിനടുത്തു നിൽക്കുന്ന ബി.എസ്.എഫ് സെക്യൂരിറ്റി ഗാർഡ് എല്ലാ യാത്രക്കാരുടെയും ബോർഡിങ് പാസ് വാങ്ങി നോക്കുന്നു. എന്റെ ഡ്രസ്സ് കണ്ടു അന്തം വിട്ട ഗാർഡ് എന്നോട് കുശലം ചോദിച്ചു, "ആപ് ബിസിനസ് കേലിയെ ആയാ ഹേ ക്യാ?".  ഞാൻ മുറിഹിന്ദിയിൽ ഉത്തരം പറയാൻ ശ്രമിച്ചപ്പോൾ അദ്ദേഹം എന്നെ തടഞ്ഞു, "കുഴപ്പം ഇല്ല സർ, കണ്ണൂരിലാ എന്റെ വീട്, സാർ പൊയ്ക്കോ, നേരം വൈകണ്ട..", എന്റെ ബോർഡിങ് പാസ് നോക്കാത എന്നെ വിട്ടു. ഡൊമസ്റ്റിക് ടെർമിനലിൽ നിന്നും ഇന്റർനാഷണൽ ടെർമിനലിലേക്കുള്ള യാത്ര ദുരിതം പിടിച്ചതാണെന്നും, ടാക്സി ഡ്രൈവർമാരെല്ലാം കള്ളന്മാരാണെന്നും അറിഞ്ഞ ഞാൻ, കാറും കൊണ്ട് വരാൻ സുഹൃത്തിനോട് മുൻപേ പറഞ്ഞിരുന്നു. വർഷങ്ങൾക്കു ശേഷം കാണാൻ പോകുന്ന സുഹൃത്തിനു മനസ്സിൽ നന്ദി പറഞ്ഞു ബാഗ്ഗജ് ക്ലെയിമിലേക്കു നടന്നു.


ബാഗുകൾ ഓരോന്നായി വന്നു. അര മണിക്കൂർ കഴിഞ്ഞിട്ടും എന്റെ എന്റെ ബാഗ് വന്നില്ല. പാനിക്കറ്റാക്കടിച്ച ഞാൻ കൗണ്ടറിൽ പോയി ചൂടായി. സോറി പറഞ്ഞ ശേഷം എന്റെ ബോർഡിങ് പാസ് നോക്കിയ കൗണ്ടറിലെ സുന്ദരി എന്നോട് ഒരു ബെഞ്ചിലിരിക്കാൻ പറഞ്ഞു. അല്പം കഴിഞ്ഞപ്പോൾ കുറച്ചു പോലീസുകാരും, സെക്യൂരിറ്റി ഗാർഡുകളും എന്റെ അടുത്തേക്ക് ഓടി വന്നു. "സാർ എങ്ങോട്ടാ ടിക്കറ്റ് എടുത്തേ", കൂട്ടത്തിലുള്ള സബ് ഇൻസ്പെക്ടർ അലറി. "ബോംബെയിലേക്ക്", പേടിച്ചു വിറച്ചു ഞാൻ പറഞ്ഞു. "നിങ്ങളെന്തു പണിയാ കാണിച്ചേ, പ്ലെയിൻ മാങ്കളൂര് വഴിയാ ബോംബേക്കു പോണേ, ഇത് മാങ്കളൂര് എയർപോർട്ടാ. ഒരു പാസഞ്ചർ മിസ്സിംഗ് ആയതു കൊണ്ട്, പ്ലെയിൻ എടുക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ ഒരു മണിക്കൂർ ലേറ്റ് ആയി. നിങ്ങളൊക്കെ എജുക്കേറ്റഡ് അല്ലെ, ഇങ്ങിനെയാണോ പെരുമാറേണ്ടേ...".


സ്വന്തം ഗാത്രത്തിലൊളിച്ചു, തല താഴ്ത്തി അവരെ പിന്തുടർന്ന ഞാൻ, മുൻപ് കണ്ട സെക്യൂരിറ്റി ഗാർഡ് പറഞ്ഞത് കേട്ട് തകർന്നു പോയി. "കോട്ടും, സൂട്ടും, പാപ്പാസും ഇട്ട് കഴുത്തിൽ കോണകവും ചുറ്റി ഓരോന്നിറങ്ങിക്കോളും, മനുഷ്യന്റെ ജോലി കളയാൻ...."

4 comments:

Sabu said...

Superb Unni.... Nice build up to the twist at the end... Pl carry on...

Sreedevi M K said...

Good one. Especially the last part. Couldn't stop laughing 🤣

Harsha said...

Loved your adventures!

Sreeki said...

Adipoli