Saturday, August 20, 2022

കള്ളൻ

രാത്രി സ്വപ്നം കണ്ടു ഉറങ്ങിയിരുന്ന രാമൻ നായർ പുറത്തു ശബ്‍ദം കേട്ട് ഞെട്ടി എണീറ്റു. ഭാര്യ പോത്തുപോലെ കൂർക്കം വലിച്ചുറങ്ങുന്നു. കള്ളനും ബംഗാളിയും ഒക്കെ കഴുത്തറത്തു കളവു നടത്തുന്ന കാലം. ആരുടെയോ കാൽപ്പെരുമാറ്റം കേട്ട അയാൾ കട്ടിലിനടുത്തു വെച്ചിരുന്ന മുളവടിയുമെടുത്തു ശബ്ദമുണ്ടാക്കാതെ വാതിലിനടുത്തേക്കു നീങ്ങി. 

നാട്ടിലെ പ്രമാണിയും,  അറുത്ത കയ്‌ക്ക്‌ ഉപ്പു തേക്കാത്തവനുമായ അയാളെ നാട്ടുകാർ വെറുത്തിരുന്നു. മക്കൾ രണ്ടു പേരും വിദേശത്ത്, കൈ നിറയെ പണം. നാട്ടുകാരുടെ അസൂയക്ക് വേറെ എന്ത് വേണം. ഭാര്യ ഒരു വശം തളർന്നു കിടപ്പിലായതിനു ശേഷം സ്ത്രീകളുടെ മുഖത്തല്ല നായരുടെ നോട്ടം എന്ന  പൊതുജന സംസാരം കേട്ടുതുടങ്ങിയിട്ടു അധികനാളായിട്ടില്ല.

"ആരാടാ അവിടെ...". വാതിൽ തുറന്ന് അലറിയ നായരെ കണ്ടതും കള്ളൻ ഓടാൻ തുടങ്ങി. “കള്ളൻ, കള്ളൻ” എന്ന് വിളിച്ചു നായർ പുറകെയും. 

ഓടി കവലയിലെത്തിയ രണ്ടു പേരെയും കത്തുന്ന ബീഡിയുമായി ലോകസമാധാനം ചർച്ചാവിഷയമാക്കിയ സ്ഥലത്തെ കുടിയന്മാർ തടഞ്ഞു. 

"എല്ലാം കഴിഞ്ഞു പൈസ ചോദിച്ചപ്പോൾ തല്ലാൻ ഓടിച്ചു കൊശവൻ". അത് കേട്ട് തരിച്ചു നിന്ന നായർ ആ മുഖം ശരിക്കും കണ്ടു. നാട്ടിലെ ദുർനടപ്പുകാരി, കിഴക്കേലെ ദാക്ഷായണി.

പിന്നത്തെ ഓട്ടത്തിൽ നായരായിരുന്നു മുന്നിൽ. ജനം പുറകെയും.